തിരുവനന്തപുരം കോർപ്പറേഷനിലെ താത്കാലിക നിയമനവുമായി ബന്ധപ്പെട്ട വിവാദ കത്തിൽ പേരിന് മാത്രമൊരു അന്വേഷണമാണ് നടക്കുന്നതെന്ന് അക്ഷേപം. സംഭവം അന്വേഷിച്ച് റിപ്പോർട്ട് ചെയ്യുക എന്ന് മാത്രമാണ് ക്രൈം ബ്രാഞ്ചിന് ഡിജിപി നൽകിയിരിക്കുന്ന നിർദ്ദേശം. കേസെടുത്ത് അന്വേഷിക്കുക എന്ന നിർദ്ദേശം ഇല്ലാത്തതിനാൽ പെറ്റികേസുകളുടെ സ്വഭാവം മാത്രമാണ് ഉണ്ടാവുക.
വിവാദ കത്തിന്മേലുള്ള മേയറുടെ പരാതിയിൽ കസ്റ്റഡിയോ, രേഖകൾ പിടിച്ചടക്കലോ ഉണ്ടാകില്ല. മറിച്ച് മേയർ ആര്യാ രാജേന്ദ്രൻ, ഡീ ആർ അനിൽ, സി പിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവരുടെ മൊഴിമാത്രം രേഖപ്പെടുത്താനാണ് സാധ്യത. മേയറുടെ ഓഫീസിലുള്ളവരുടേയും മൊഴിയെടുത്തേക്കും. എകെജി സെന്റര് പടക്കമേറ് കേസ് അന്വേഷിച്ച എസ് പി എസ് മധുസൂദനൻറെ മേൽനോട്ടത്തിലായിരിക്കും വിവാദ കത്ത് കേസും അന്വേഷിക്കുക.
നഗരസഭയുടെ ആരോഗ്യ വിഭാഗത്തിലേക്ക് 295 താത്ക്കാലിക ജീവനക്കാരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നുണ്ടെന്നും ഇതിലേക്ക് പാർട്ടിയുടെ മുൻഗണനാ പട്ടിക നൽകണമെന്നുമുള്ള വിവരങ്ങളടങ്ങിയ കത്തിന്മേലാണ് അന്വേഷണം. മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിൽ നിന്നും അയച്ച കത്തായിരുന്നു ഇത്. എന്നാൽ മേയർ ഇത് നിഷേധിക്കുകയും അന്വേഷണം നടത്താൻ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.
അതേസമയം പരാതിയിൽ എഫ്ഐആർ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. പ്രാഥമിക അന്വേഷണം മാത്രം നടത്തി റിപ്പോർട്ട് നൽകാനാണ് നിലവിൽ ക്രൈം ബ്രാഞ്ചിന് നൽകിയിരിക്കുന്ന നിർദേശം. എന്നാൽ ഇത് സംഭവം ഒതുക്കിത്തീർക്കാനുളള ശ്രമമാണെന്നാണ് പ്രതിപക്ഷ സംഘടനകൾ ഉൾപ്പടെയുള്ളവരുടെ ആക്ഷേപം. കത്തിൻറെ ഉറവിടം കണ്ടെത്തണമെങ്കിൽ കേസെടുത്ത് അന്വേഷണം നടത്തേണ്ടതായി വരും.