രാജ്യത്തെ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാൻ നീക്കങ്ങള്‍ ആരംഭിച്ച് സംസ്ഥാന സര്‍ക്കാര്‍. പിഎഫ്ഐ നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ ആക്രമ സംഭവങ്ങളില്‍ സംസ്ഥാനത്ത് ഉണ്ടാക്കിയ നാശനഷ്ടങ്ങളെ തുടര്‍ന്നാണ് നടപടി.
പിഎഫ് ഐയുടെ നിരോധനത്തിന് മുന്നോടിയായി രാജ്യ വ്യാപകമായി ദേശീയ അന്വേഷണ ഏജന്‍സികള്‍ പോപ്പുലര്‍ ഫ്രണ്ട് ഒഫീസുകളില്‍ റെയ്ഡ് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് പിഎഫ്ഐ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഹര്‍ത്താലില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് നേതാക്കളില്‍ നിന്നു തന്നെ നഷ്ടപരിഹാരം ഈടാക്കന്‍ ആയിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തിന്റെ ചുവട് പിടിച്ചാണ് സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം ആരംഭിച്ചിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റേയും സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിന്റേയും സ്വത്തുക്കള്‍ കണ്ടുക്കെട്ടാനാണ് നീക്കം. ഹൈക്കോടതിയിലുള്ള കേസിലെ 12, 13 കക്ഷികളാണ് പോപ്പുലര്‍ ഫ്രണ്ടും, അബ്ദുള്‍ സത്താറും. ഇവരുടെ സ്വത്തുവിവരം തേടി ഐ.ജിക്ക് സംസ്ഥാന പോലീസ് മേധാവി കത്ത് കൈമാറിയിട്ടുണ്ട്. കത്തിന് ലഭിക്കുന്ന മറുപടിയുടെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍.