ദേശീയ പാതയുടെ നിർമാണത്തിലെ പാകപ്പിഴകൾക്ക് പരസ്യമായി മാപ്പു ചോദിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. മധ്യപ്രദേശിലെ ജബൽപുരിൽ ഒരു ചടങ്ങിൽ സംസാരിക്കുമ്പോഴാണ് ദേശീയ പാതയുടെ ശോച്യാവസ്ഥയ്ക്ക് ഗഡ്കരി പരസ്യമായി ക്ഷമാപണം നടത്തിയത്.
‘എനിക്ക് ദേഷ്യവും സങ്കടവും തോന്നുന്നു. പിഴവു സംഭവിച്ചിട്ടുണ്ടെങ്കിൽ മാപ്പു പറയാൻ എനിക്ക് യാതൊരു മടിയുമില്ല. മാണ്ഡ്‌ല – ജബൽപുർ ദേശീയ പാതയിൽ 400 കോടി രൂപ മുതൽമുടക്കിയ ബറേല മുതൽ മാണ്ഡ്‌ല വരെയുള്ള ഭാഗത്തെ നിർമാണ പ്രവർത്തനങ്ങളിൽ ഞാൻ തൃപ്തനല്ല. അവിടെ സംഭവിച്ച പിഴവു മൂലം നിങ്ങളിൽ വളരെയധികം പേർ ബുദ്ധിമുട്ടുന്നതായി അറിയാം. ഇതുവരെ നിങ്ങൾ നേരിട്ട എല്ലാ ബുദ്ധിമുട്ടുകൾക്കും ക്ഷമ ചോദിക്കുന്നു’ – ഗഡ്‍കരി പറഞ്ഞു. റോഡ് നിർമാണത്തിലെ അപാകതകളിൽ അതൃപ്തി രേഖപ്പെടുത്തിയ ഗഡ്കരി, റോഡ് പുനർനിർമിക്കാൻ പുതിയ പദ്ധതിയും പ്രഖ്യാപിച്ചു.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനെ സാക്ഷിയാക്കിയായിരുന്നു ഗഡ്കരിയുടെ ക്ഷമ ചോദിക്കൽ. മന്ത്രിയുടെ വാക്കുകളെ കയ്യടികളോടെയാണ് സദസിലുണ്ടായിരുന്നവർ ഏറ്റെടുത്തത്.