എണ്ണക്കമ്പനികളുടെ കാർബൺ പുറന്തള്ളൽ കണക്കിന്റെ മൂന്നിരട്ടി ആണെന്നും കമ്പനികൾ കണക്കിൽ കൃത്രിമം കാണിക്കുന്നു എന്നും പരിസ്ഥിതി ഗവേഷകരുടെ കണ്ടെത്തൽ. കാർബൺ ഡയോക്സൈഡ് ഉൾപ്പെടെ വാതകങ്ങൾ പുറന്തള്ളി മലിനീകരണമുണ്ടാക്കുന്നവരിൽ ഏറ്റവും മുന്നിലുള്ളത് എണ്ണ, വാതക കമ്പനികൾ തന്നെയാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
ഇത്തരം കമ്പനികൾ യഥാർത്ഥത്തിൽ പുറന്തള്ളുന്നത് രേഖകളിൽ കാണിക്കുന്നതിന്റെ മൂന്നിരട്ടിയാണെന്നാണ് ഗവേഷകരും ഡേറ്റ അനലിസ്റ്റുകളും സർക്കാരിതര സംഘടനകളും ചേർന്നുള്ള ‘ക്ലൈമറ്റ് ട്രേസ്’ കൂട്ടായ്മ സമാഹരിച്ച വിവരങ്ങൾ വ്യക്തമാക്കുന്നു. ക്ലൈമറ്റ് ട്രേസ് സ്ഥാപകാംഗമായ യുഎസ് മുൻ വൈസ് പ്രസിഡന്റ് അൽ ഗോർ ഈജിപ്തിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയിൽ ഇതിന്റെ സ്ഥിതിവിവര കണക്കുകൾ അവതരിപ്പിച്ചു.
ലോകത്തിൽ ആഗോള താപനത്തിനു കാരണമാകുന്ന വാതകങ്ങൾ പുറംതള്ളുന്ന എണ്ണ കമ്പനികളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നിർദ്ദേശം വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ ഈജിപ്തിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയിൽ അവതരിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ആണ് എണ്ണകമ്പനികളിൽ നിന്ന് പുറംതള്ളുന്ന കാർബൺ കണക്കുകളിൽ കൃത്രിമം കാണിക്കുന്നുണ്ടെന്ന കണ്ടെത്തലും വെളിപ്പെടുന്നത്.