Saturday, February 1, 2025

സിസാ തോമസിന്റെ നിയമനം: സർക്കാർ ഹർജ്ജി സ്വീകരിച്ച് ഹൈക്കോടതി

സാങ്കേതിക സര്‍ലവകലാശാല വൈസ്‍ ചാന്‍സിലര്‍ ആയി സിസാ തോമസിനെ നിയമിച്ചത് ചോദ്യം ചെയ്തു കൊണ്ടുള്ള സര്‍ക്കാരിന്‍റെ ഹര്‍ജി കോടതി സ്വീകരിച്ചു. ഗവര്‍ണര്‍ നടത്തിയ നിയമനം ചോദ്യം ചെയ്യാന്‍ സര്‍ക്കാരിന് നിയമപരമായ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി സ്വീകരിച്ചത്.

സുപ്രീം കോടതി വിധിയെ തുടര്‍ന്ന് പുറത്താക്കിയ സാങ്കതിക സര്‍‍വകലാശാല വിസിക്ക് പകരമായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ജോയിന്റ് ഡയറക്ടറായ സിസാ തോമസിനെ ഗവര്‍ണര്‍ വിസിയായി നിയമിച്ചിരുന്നു. സര്‍ക്കാരിന്‍റെ രണ്ട് ശുപാര്‍ശകള്‍ തള്ളിക്കൊണ്ടായിരുന്നു സിസാ തോമസിന്‍റെ നിയമനം. ഇതിനെതിരെ സര്‍‍വകലാശാലയിലെ ജീവനക്കാരും ഇടത് അനുകൂല സംഘടനകളും പ്രതിഷേധിച്ചിരുന്നു.

അതേസമയം വൈസ് ചാന്‍സിലര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് വൈസ്ചാന്‍സിലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ നിയമ ലംഘനം നടത്തി എന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. വൈസ് ചാന്‍സിലറെ ശുപാര്‍ശ ചെയ്യേണ്ടത് സര്‍ക്കാരാണ്. സിസ തോമസിനെ ഗവര്‍ണര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് നിയമിച്ചത്. നിയമവിരുദ്ധമായിട്ടാണ് ഈ നിയമനം. അതുകൊണ്ടുതന്നെ നിയമനം റദ്ധാക്കണമെന്നാണ് സര്‍ക്കാരിന്‍റെ ഹര്‍ജി.

പ്രഥമദൃഷ്ട്യാ നിയമപരമായി പ്രശ്‌നമുണ്ടെന്നും സര്‍ക്കാര്‍ വാദത്തില്‍ കഴമ്പുണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിരീക്ഷിച്ചു. ഇതേ തുടര്‍ന്ന് മറുപടി നല്‍കാന്‍ ഗവര്‍ണര്‍ക്ക് സാവകാശം കോടതി നല്‍കിയിട്ടുണ്ട്. അടുത്ത വെളളിയാഴ്ചയാണ് വിഷയം കോടതി വീണ്ടും പരിഗണിക്കുക.

Latest News