വിദ്യാഭ്യാസ വിലക്കിനു പിന്നാലെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് പാർക്കുകളും ജിംനേഷ്യങ്ങളും സന്ദർശിക്കുന്നതിനും താലിബാൻ ഭരണകൂടം വിലക്കേർപ്പെടുത്തി. വിലക്ക് ഈയാഴ്ച പ്രാബല്യത്തിൽ വരുമെന്നാണു ‘ദുരാചാര സദാചാര’ മന്ത്രാലയത്തിന്റെ വക്താവ് അറിയിക്കുന്നത്.
പാർക്കിലും ജിമ്മിലും സ്ത്രീകൾക്കായി പ്രത്യേക പ്രവേശനസമയം ഏർപ്പെടുത്തിയിരുന്നെന്നും എന്നാൽ നിയമ ലംഘനം പതിവായതോടെ പൂർണ്ണമായ വിലക്ക് കൊണ്ടുവരുകയാണെന്നും താലിബാൻ വക്താവ് പറഞ്ഞു. ബംമ്പർ കാറുകളും, ഫെറിസ് വീലും പോലുള്ള റൈഡുകളുള്ള കാബൂളിലെ ഒരു അമ്യൂസ്മെന്റ് പാർക്കിൽ, താലിബാൻ ഏജന്റുമാർ നിരവധി സ്ത്രീകളെ പാർക്കിൽ പ്രവേശിക്കാൻ സമ്മതിക്കാതെ തിരിച്ചയച്ചതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. പേരക്കുട്ടിക്കൊപ്പം പാർക്കിലുണ്ടായിരുന്ന സ്ത്രീയെ ഉൾപ്പെടെയാണ് തിരിച്ചയച്ചത്. ” ഈ കുട്ടികൾ ജീവിതത്തിൽ നല്ലതൊന്നും കാണാത്തവരാണ്, അവർക്കൽപ്പം വിനോദവും കളിയും ചിരിയും ആവശ്യമാണ്. കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാരെ എങ്കിലും പാർക്കിൽ പ്രവേശിക്കാൻ അനുവദിക്കണം” അവർ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചതിനു പിന്നാലെ സ്ത്രീകളുടെ സ്വാതന്ത്ര്യം തടഞ്ഞുള്ള നടപടി ശക്തമാക്കിയിരുന്നു. ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം നിർബന്ധമാക്കുന്ന ഉത്തരവുൾപ്പെടെ വിവാദമായതാണ്.