വരുമാന നഷ്ടത്തെ തുടർന്ന് ജീവനക്കാരെ കുറയ്ക്കാൻ അമേരിക്കൻ എന്റർടെയ്ൻമെന്റ് കമ്പനിയായ വാൾട്ട് ഡിസ്നിയും ഒരുങ്ങുന്നു. പുതിയ നിയമന നടപടികളും കമ്പനി മരവിപ്പിക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. ഏകദേശം 1,90,000 ജീവനക്കാരാണ് ഡിസ്നിയിലുള്ളത്.
സെപ്റ്റംബർ മാസത്തിൽ ആഗോള തലത്തിൽ 110 കോടി ഡോളറിന്റെ വരുമാനമാണ് കമ്പനി നേടിയത്. മുൻവർഷം സമാന കാലയളവിനെ അപേക്ഷിച്ച് 18 ശതമാനം കുറവാണിത്. പ്രവർത്തന വരുമാനം 18 ശതമാനം കുറഞ്ഞു. ശരാശരി കാഴ്ചക്കാരുടെ എണ്ണം, പ്രത്യേകിച്ച് ഇന്ത്യയിൽ കുറഞ്ഞതും പരസ്യ വരുമാനത്തിലുണ്ടായ ഇടിവുമാണ് മൊത്തം വരുമാനം കുറയാൻ കാരണമായത്.
കഴിഞ്ഞ ആഴ്ചകളിൽ ട്വിറ്ററും ഇതേ പിന്തുടർന്ന് മെറ്റയും ജോലിക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടത് ഏറെ വിവാദമായിരുന്നു. വരുമാന നഷ്ടത്തെ തുടർന്നാണ് കൂട്ടപിരിച്ചുവിടൽ ഇരു കമ്പനികളും നടത്തിയത്. പതിനായിരക്കണക്കിന് ആളുകൾക്ക് ഇതോടെ ജോലി നഷ്ടമായിരുന്നു. അതിനാൽ തന്നെ ഡിസ്നിയുടെ പുതിയ നടപടികളെയും ഏറെ ആശങ്കയോടെയാണ് ജീവനക്കാർ വീക്ഷിക്കുന്നത്.