Monday, November 25, 2024

മൂന്നാറിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

മൂന്നാറിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. വിനോദ സഞ്ചാരത്തിനെത്തിയ കോഴിക്കോട് അശോകപുരം കുന്നിയിൽകാവ് കല്ലട വീട്ടിൽ രൂപേഷിന്റെ (40) മൃതദേഹമാണ് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമായിരുന്നു രൂപേഷ് അടക്കമുള്ള 11 അംഗ സംഘം സഞ്ചരിച്ച ട്രാവലർ അപകടത്തിൽപെട്ടത്. മണ്ണിടിച്ചിലിൽ നൂറടി താഴ്ചയിലേക്ക് ട്രാവലർ മറിയുകയായിരുന്നു. അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ, ഒലിച്ചുപോയ ബസ് 750 മീറ്റർ താഴെനിന്ന് കണ്ടെത്തി. നിശ്ശേഷം തകർന്നനിലയിലാണ്. ഇതിന് താഴെ ആയിട്ടായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.

ടോപ്പ് സ്റ്റേഷനും കുണ്ടള അണക്കെട്ടിനും ഇടയിലുള്ള പ്രദേശത്ത് ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് ഉരുൾപൊട്ടിയത്. വടകരയിൽനിന്ന് രണ്ട് വാഹനത്തിലെത്തിയ സംഘം ടോപ്പ് സ്റ്റേഷൻ സന്ദർശിച്ച് അണക്കെട്ട് കാണാൻ വരുകയായിരുന്നു. പെട്ടെന്ന് രണ്ട് പാറക്കഷണവും ചെളിയും റോഡിലേക്ക് വീണു. യാത്രക്കാരെ മാറ്റിയ ശേഷം രൂപേഷും ഡ്രൈവറും ചേർന്ന് ചെളിയിൽ താന്ന വാഹനം തള്ളി നീക്കുന്നതിന് ഇടയിൽ ആണ് ചെളിയും വെള്ളവും കൂറ്റൻപാറകളും മുകളിൽനിന്ന് ഒഴുകിയെത്തിയത്. ഡ്രൈവർ ഓടിമാറി. വാഹനം കൊക്കയിലേക്ക് ഒഴുകിപ്പോയി. പിന്നീടാണ് രൂപേഷിനെ കാണാനില്ലെന്നു മനസിലാകുന്നത്.

Latest News