Monday, November 25, 2024

ലോക പ്രമേഹദിനത്തിൽ പുതിയ പദ്ധതിയുമായി ആരോഗ്യ വകുപ്പ്

ലോക പ്രമേഹദിനത്തിൽ പുതിയ പദ്ധതിയുമായി ആരോഗ്യ വകുപ്പ്. പ്രമേഹ രോഗം മുൻകൂട്ടി കണ്ടെത്തി നിയന്ത്രിക്കുന്നതിനായി എല്ലാ ജില്ലകളിലും 360 ഡിഗ്രി മെറ്റബോളിക് സെന്ററുകൾ ആരംഭിക്കുന്ന പദ്ധതിക്കാണ് തുടക്കമിടുന്നത്.

പ്രമേഹത്തിന്റെ സങ്കീർണതകളായ ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് നെഫ്രോപ്പതി, പെരിഫറൽ ന്യൂറോപ്പതി തുടങ്ങിയ രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി നിയന്ത്രിക്കുകയാണ് ലക്ഷ്യം എന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ് അറിയിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച 360 ഡിഗ്രി മെറ്റബോളിക് സെന്റർ വിജയകരമായതിനെ തുടർന്നാണ് സംസ്ഥാന വ്യാപകമാക്കുന്നത്. പ്രമേഹം, രക്താദിമർദം എന്നിവയ്ക്ക് പുറമേ വൃക്കകളുടെ കാര്യക്ഷമത, കണ്ണുകളിലും കാലുകളിലും ബാധിക്കുന്ന പ്രമേഹത്തിന്റെ പരിശോധന, പൾമണറി ഫങ്ഷൻ ടെസ്റ്റ്, ഡയറ്റ് കൗൺസിലിംഗ് തുടങ്ങിയ എല്ലാ സേവനങ്ങളും ഒറ്റ കുടക്കീഴിൽ ഈ സെന്ററുകളിലൂടെ ലഭ്യമാക്കുന്നതാണ്. ഇതിലൂടെ പ്രമേഹം മാത്രമല്ല പ്രമേഹം മൂലമുള്ള ഗുരുതര രോഗങ്ങളേയും നിയന്ത്രിക്കാൻ സാധിക്കുന്നതാണ്.

പ്രമേഹം നിർണയിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള നടപടികൾ ആരോഗ്യ വകുപ്പ് സ്വീകരിച്ചു വരുന്നു. ഏകദേശം 9 ലക്ഷത്തോളം പേരിൽ പ്രമേഹ രോഗമുള്ളതായി ജീവിതശൈലീ രോഗനിയന്ത്രണ പദ്ധതിയിലൂടെ കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. ഇതിന് പുറമേ പ്രമേഹം ഉൾപ്പെടെയുള്ള ജീവിത ശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ‘അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി 42 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിംഗ് നടത്തിയിട്ടുണ്ട്. അതിൽ 8.6 ശതമാനം പേർക്ക് (3,62,375) പ്രമേഹ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ ആവശ്യമുള്ളവർക്ക് സൗജന്യ രോഗ നിർണയവും ചികിത്സയും ലഭ്യമാക്കി വരുന്നു.

Latest News