ഉക്രൈനിൽ റഷ്യൻ സേന പിൻവാങ്ങിയ കെർസൻ നഗരത്തിന്റെ നിയന്ത്രണം ഉക്രൈൻ സേന ഏറ്റെടുത്തു. അടിസ്ഥാന സൗകര്യങ്ങളെല്ലാം തകർത്ത്, കുഴിബോംബുകൾ സ്ഥാപിച്ച് പട്ടിണിയും ദുരിതവും ബാക്കിയാക്കിയാണു റഷ്യയുടെ പിന്മാറ്റം. റഷ്യയുടെ പിന്മാറ്റത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാനൂറോളം ക്രൂരമായ യുദ്ധകുറ്റങ്ങൾ കെർസണിൽ കണ്ടെത്തിയതായി പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി വെളിപ്പെടുത്തി.
നിരവധി പൗരന്മാരുടെയും സൈനികരുടെയും മൃതദേഹം കണ്ടെത്തി. എന്നാൽ മോസ്കോ, തങ്ങളുടെ സൈന്യം മനഃപൂർവം സാധാരണക്കാരെ ലക്ഷ്യം വച്ചു എന്ന ആരോപണം നിഷേധിച്ചിരിക്കുകയാണ്. യുദ്ധത്തിന്റെ തുടക്കം മുതൽ, ബുച്ച, ഇസിയം, മരിയുപോൾ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ക്രൂരതയ്ക്ക് പിന്നിൽ റഷ്യൻ സൈനികരാണെന്ന് ഉക്രൈൻ ആരോപിച്ചു.
ഇതേ സമയം കെർസൺ നഗരത്തിൽ ഭരണകൂടം കർഫ്യു ഏർപ്പെടുത്തിയിരിക്കുകയാണ്. തകർന്ന റോഡുകളും പാലങ്ങളും ഗതാഗതം ദുഷ്കരമാക്കുന്നു. പലയിടത്തും അഴുകിയ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നുണ്ട്. മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനും വെള്ളവും വെളിച്ചവും പുനഃസ്ഥാപിക്കുന്നതിനും അധികൃതർ പാടുപെടുന്നു. ഇവയെല്ലാം ശരിയാക്കിയ ശേഷം കർഫ്യു പിൻവലിക്കാനാണ് തീരുമാനം.