Tuesday, November 26, 2024

കുഫോസ് വിസി നിയമനം റദ്ദാക്കി ഹൈക്കോടതി

കേരള ഫിഷറിസ് ആൻഡ് സമുദ്ര പഠന സർവ്വകലാശാല (കുഫോസ്) വൈസ് ചാൻസിലറുടെ നിയമനം റദ്ദാക്കി ഹൈക്കോടതി ഉത്തരവ്. കുഫോസ് വിസി ഡോ. കെ റിജി ജോണിൻറെ നിയമനമാണ് ഹൈക്കോടതി റദ്ദാക്കിയത്. സുപ്രീം കോടതി ഉത്തരവിൻറെ ഭാഗമായാണ് ഡിവിഷൻ ബെഞ്ചിൻറെ വിധി.

ചാൻസിർ സ്ഥാനത്തുനിന്നും ഗവർണറെ മാറ്റാനുള്ള നീക്കം നടക്കുന്നതിനിടയിലാണ് സംസ്ഥാന സർക്കാരിന് കോടതിയിൽ നിന്നുമുളള തിരിച്ചടി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജിവയ്ക്കാൻ നിർദേശിച്ച പട്ടികയിലും ഡോ. കെ റിജിയും ഉണ്ടായിരുന്നു. സാങ്കേതിക സർവ്വകലാശാല വിസിയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ ചുവടു പിടിച്ച് സംസ്ഥാനത്തെ പത്ത് സർവകലാശാല വൈസ് ചാൻസിലർമാരോട് രാജിവയ്ക്കാൻ ഗവർണർ‍ ആവശ്യപ്പെട്ടിരുന്നു.

വി സി നിയമന പട്ടികയിൽ ഉണ്ടായിരുന്ന എറണാകുളം സ്വദേശി ഡോ. കെ കെ വിജയൻ നൽകിയ ഹർജിയെ തുടർന്നാണ് കോടതിയുടെ വിധി. സർവകലാശാലയിൽ പത്ത് വർഷം പ്രൊഫസറായി അധ്യാപന പരിചയം ഉണ്ടാകണമെന്ന യുജിസി ചട്ടം നിലനിൽക്കെ മതിയായ യോഗ്യതയില്ല എന്നാണ് ഹർജിക്കാരൻറെ വാദം. ഒരു പാനലിന് പകരം ഒറ്റ പേര് മാത്രം നിർദേശിച്ചതും ചട്ടലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

അതേസമയം കുഫോസ് സർവകലാശാല വിസി നിയമനവും റദ്ദ് ചെയ്തത് സംസ്ഥാനത്തെ മറ്റ് വൈസ് ചാൻസിലർമാരുടെ നിയമനവും പരുങ്ങലിൽ ആക്കിയിരിക്കുകയാണ്

Latest News