തുർക്കിയിലെ ഇസ്താംബൂളിലുണ്ടായ സ്‌ഫോടനത്തിൽ ആറുപേർ കൊല്ലപ്പെട്ടു. 81 പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഈസ്താംബൂളിലെ ടാക്‌സിം സ്‌ക്വയറിൽ പ്രാദേശിക സമയം വൈകിട്ട് 4: 20 ആയിരുന്നു സ്ഫോടനം നടന്നത്.
ചാവേറാക്രമണം ആണെന്ന് സംശയിക്കുന്നു. സംഭവത്തിൽ സംശയാസ്പദമായി കണ്ടെത്തിയ വ്യക്തിയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രി വെളിപ്പെടുത്തി. സ്‌ഫോടനം ഒരു സ്‌ത്രീ നടത്തിയ ഭീകരാക്രമണമാണെന്ന് കരുതുന്നതായി വൈസ് പ്രസിഡന്റ് ഫുവാട്ട് ഒക്‌ടേ പറയുന്നു. “കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടും. ഇത് നീചമായ ആക്രമണം ആണ്. ഭീകരതയുടെ ഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്നു” പ്രസിഡന്റ് റജബ് ത്വയ്യിബ് പ്രതികരിച്ചു.
സ്‌ഫോടനം നടക്കുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് ഒരു സ്ത്രീ പ്രദേശത്തെ ബെഞ്ചിൽ 40 മിനിറ്റിലധികം ഇരുന്നുവെന്നു നീതിന്യായ മന്ത്രി ബെക്കിർ ബോസ്ദാഗ് തുർക്കി മാധ്യമങ്ങളോട് പറഞ്ഞു.