വിവധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള സ്വിഗ്ഗി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് കൊച്ചിയിൽ ആരംഭിച്ചു. ജോലിക്ക് മതിയായ വേതനം ലഭിക്കുന്നില്ലെന്ന ആരോപണം ഉന്നയിച്ചാണ് ജീവനക്കാരുടെ ‘ലോഗൗട്ട്’ സമരം.
സ്വിഗ്ഗി കമ്പനിയും ജീവനക്കാരും തമ്മിൽ ശനിയാഴ്ച നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് സമരം ആരംഭിച്ചത്. മിനിമം നിരക്ക് ഉയർത്തുക, തേർഡ് പാർട്ടി കമ്പനിക്ക് ഡെലിവറി അനുമതി നൽകിയ തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ജീവനക്കാർ ഉന്നയിച്ചത്. ഇതിനിടെ കൊച്ചി റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ സമരക്കാരുമായി ഇന്ന് ചർച്ച നടത്തും.
അതേസമയം കഴിഞ്ഞ ഒക്ടോബറിലും സമാനമായ സമരം നടത്തിയിരുന്നെങ്കിലും രണ്ടാഴ്ചക്കുള്ളിൽ പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിൽ സമരം പിൻവലിക്കുകയായിരുന്നു. നാല് കിലോമീറ്റർ ദൂരത്തേക്ക് ഭക്ഷണം എത്തിക്കുമ്പോൾ 20 രൂപയാണ് ലഭിക്കുന്നതെന്നും പോയി വരുമ്പോഴേക്ക് 8 കിലോമീറ്ററാകുമെന്നും ജീവനക്കാർ പറയുന്നു. ഇത് 35 രൂപയായി ഉയർത്തണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്. സ്വിഗ്ഗി ജീവനക്കാർക്ക് പുറമേ സൊമാറ്റോ ജീവനക്കാരും സമരത്തിലേക്ക് കടക്കുകയാണ്.