Tuesday, November 26, 2024

കണ്ണീരും ആനന്ദവും നീതിക്കുവേണ്ടിയുള്ള നിലവിളിയും: സമ്മിശ്ര അനുഭവങ്ങൾക്ക് വേദിയായി ഒരു യുദ്ധഭൂമി

കെർസൺ. കഴിഞ്ഞ ഒരാഴ്ചയായി ലോകം ഉറ്റുനോക്കിയ യുദ്ധഭൂമി. റഷ്യ- ഉക്രൈൻ യുദ്ധത്തിന്റെ വേദനകളും പരിണിതഫലങ്ങളും യാത്രയാക്കി ശത്രുവിന്റെ പിൻവാങ്ങലിൽ നേർത്ത ആശ്വാസത്തോടെ ആയിരിക്കുന്ന നഗരം. എന്നാൽ യുദ്ധം അവശേഷിപ്പിച്ച കെർസൺ നഗരത്തിന്റെ ഉൾകാമ്പുകൾ ഇത് അവസ്ഥയിലായിരിക്കും. മുറിവേറ്റ, വേർപാടിന്റെ നൊമ്പരം പേറിയ, മൃതദേഹങ്ങളുടെ അഴുകിയ ദുർഗന്ധം വമിക്കുന്ന, തകർന്നുടഞ്ഞ യുദ്ധഭൂമി. അതാണ് റഷ്യ അവശേഷിപ്പിച്ച കെർസൺ നഗരം. ഉക്രൈൻ സന്തോഷത്തിൽ ആയിരിക്കുമ്പോഴും അതിന്റെ ഉള്ളു തേങ്ങുകയാണ്.

അനധികൃതമായി റഷ്യ പിടിച്ചടക്കിയ നാലു ഉക്രൈൻ പ്രദേശങ്ങളിൽ ഒന്നായിരുന്നു കെർസൺ. കെർസൺ മേഖലയുടെ ഭരണ തലസ്ഥാനമായി മോസ്‌കോയെയും റഷ്യ പ്രതിഷ്ഠിച്ചു. റഷ്യയുടെ ഈ തീരുമാനത്തിന് പ്രദേശവാസികളുടെയും സമ്മതം ഉണ്ടായിരുന്നു എന്നതായിരുന്നു റഷ്യൻ വാദം. എന്നാൽ റഷ്യൻ സൈന്യത്തിന്റെ ക്രൂരവിനോദങ്ങൾക്കൊടുവിൽ അവർ പിൻവാങ്ങുമ്പോൾ ഈ ജനതയുടെ, കെർസൺ പ്രദേശത്ത് അവശേഷിക്കുന്ന ജനത്തിന്റെ മുഖത്ത് കാണുന്ന ആശ്വാസവും സന്തോഷവും റഷ്യൻ വാദങ്ങളെ പൊളിച്ചെഴുതുകയാണ്.

റഷ്യൻ പിന്മാറ്റത്തെ തുടർന്ന് കെർസണിലെ സെൻട്രൽ സ്ക്വയറിലെ പ്രധാന സർക്കാർ ഓഫീസുകൾക്ക് ഒരു കാഹളമൂതുമ്പോൾ, അതിൽ ദേശീയ ഗാനം ആലപിക്കുമ്പോൾ ഉക്രൈൻ ജനം വികാരനിർഭരമായ നിന്നു. അവിടെ കൂടിയിരുന്ന വലിയ ജനക്കൂട്ടം ആർത്തു കരഞ്ഞു. ചിലരുടെ കണ്ണുനീരിനു വിജയത്തിന്റെ മാധുര്യം ഉണ്ടായിരുന്നു. മറ്റു ചിലരുടെ കണ്ണുനീരിനു നഷ്ടങ്ങളുടെയും വേർപാടിന്റെയും വേദനയും. നഗരം മുഴുവൻ ഉക്രൈൻ പതാകകളാൽ നിറഞ്ഞു. അത് അവരുടെ ദേശസ്നേഹത്തിന്റെ പ്രകടനമായി മാറി.

റഷ്യൻ അധിനിവേശത്തെ തുടർന്ന് മാസങ്ങളായി കാണാതിരുന്ന പലരും പരസ്പരം കണ്ടുമുട്ടി. വിശേഷങ്ങൾ പങ്കുവച്ചു. ഒപ്പം വേദനകളും. അവർക്കു മുന്നിൽ തങ്ങൾക്കും പ്രിയപ്പെട്ടവർക്കും നഷ്ടമായ നീതി ആയിരുന്നു ചോദ്യചിഹ്നമായി ഉയർന്നത്. പലയിടങ്ങളിലും നീതിക്കായുള്ള നിലവിളികളും ഉയർന്നു. അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് അറിയില്ല എങ്കിലും, ആ ഭീതികൾക്കിടയിലും അവരുടെ മുഖത്ത് എല്ലാം ഒരേ ഭാവമായിരുന്നു. ദേശസ്നേഹത്തിന്റെയും ആശ്വാസത്തിന്റെയും ഭാവം.

Latest News