ട്വിറ്റർ ആസ്ഥാനത്ത് വീണ്ടും കൂട്ടപ്പിരിച്ചുവിടലുമായി ഇലോൺ മസ്‌ക്. 5500-ഓളം കരാർ ജീവനക്കാരെയാണ് മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്. നേരത്തെ 3500-ഓളം ജീവനക്കാരെ ട്വിറ്റർ പിരിച്ചുവിട്ടിരുന്നു. ട്വിറ്ററിലെ ആകെ ജീവനക്കാരുടെ 50 ശതമാനത്തോളമാണിത്.
ജീവനക്കാർക്കാർക്കും പിരിച്ചുവിടലിനെ പറ്റി മുന്നറിയിപ്പ് നൽകിയിരുന്നില്ല. കമ്പനിയുടെ ഇമെയിലും മറ്റു വാർത്താവിനിമയ മാർഗങ്ങളും ഉപയോഗിക്കാൻ കഴിയാതായതോടെയാണ് ജീവനക്കാർക്ക് തങ്ങളെ പിരിച്ചുവിട്ടു എന്ന് മനസ്സിലായത്. ട്വിറ്ററിന്റെ റിയൽ എസ്റ്റേറ്റ്, മാർക്കറ്റിങ്ങ്, എൻജിനീയറിങ്ങ് ഉൾപ്പടെയുള്ള വിഭാഗത്തിലെ ജീവനക്കാരാണ് ജോലി നഷ്ടപ്പെട്ടവരിൽ ഏറെയും.
മാനേജർമാർക്കും പിരിച്ചുവിടലിനേപ്പറ്റിയുള്ള സൂചന മസ്‌ക് നൽകിയില്ലെന്നാണ് വിവരം. ജീവനക്കാരുടെ ഔദ്യോഗിക ഇമെയിൽ വഴി അവരെ ബന്ധപ്പെടാൻ കഴിയാതെ വന്നപ്പോഴാണ് കീഴ്ജീവനക്കാരെ പിരിച്ചുവിട്ടു എന്ന് മാനേജർമാരും അറിയുന്നത്.