നിർബന്ധിത മത പരിവർത്തനങ്ങൾ രാജ്യസുരക്ഷയെ വരെ ബാധിക്കുന്ന ഗുരുതരപ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി. ദുർമന്ത്രവാദം, അന്ധവിശ്വാസങ്ങൾ, നിർബന്ധിത മതപരിവർത്തനം എന്നിവ തടയാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകനും ബിജെപി നേതാവുമായ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവേയാണ് കോടതി ഈ കാര്യം വ്യക്തമാക്കിയത്.
“നിർബന്ധിത മതപരിവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, അവ യാഥാർഥ്യമാണെങ്കിൽ, അത് വളരെ ഗുരുതരമായ ഒരു പ്രശ്നമാണ്. ആത്യന്തികമായി രാജ്യസുരക്ഷയെയും മതസ്വാതന്ത്ര്യത്തെയും പ്രതികൂലമായി ബാധിച്ചേക്കാം. ബലപ്രയോഗത്തിലൂടെയോ, വശീകരണത്തിലൂടെയോ, വഞ്ചനാപരമായ മറ്റ് മാർഗങ്ങളിലൂടെയോ ഉള്ള നിർബന്ധിത പരിവർത്തനങ്ങൾ തടയുന്നതിന് കേന്ദ്രമോ ബന്ധപ്പെട്ടവരോ എന്ത് നടപടി സ്വീകരിച്ചു എന്നതിനെ ക്കുറിച്ച് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കണം. അതനുസരിച്ച് സത്യവാങ്മൂലം സമർപ്പിക്കണം” കോടതി വ്യക്തമാക്കി. കേന്ദ്രത്തിന്റെ സത്യവാങ്മൂലം നവംബർ 28-ന് സുപ്രീം കോടതി പരിഗണിക്കും.
ഏത് മതവും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പൗരന്മാർക്കുണ്ടെങ്കിലും നിർബന്ധിതമായി മതപരിവർത്തനം നടത്താൻ ഈ സ്വാതന്ത്ര്യം അനുശാസിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ആളുകളെ ദുർമന്ത്രവാദത്തിലൂടെ മതപരിവർത്തനം നടത്തുന്ന സംഭവങ്ങൾ രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെടുന്നതായും ഹർജിക്കാരൻ സൂചിപ്പിച്ചു.