സംസ്ഥാനത്തെ സ്കൂളുകളില്‍ ജലഗുണനിലവാരം പരിശോധനാ ലാബുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി ആഗസ്റ്റിന് നിര്‍വഹിച്ചു.14 ജില്ലകളിലായി 28 സ്കൂളുകളിലാണ് ലാബുകള്‍ സ്ഥാപിക്കുന്നത്. ശിശുദിനാഘോഷത്തോടനുബന്ധിച്ച് കട്ടപ്പന ഗവ. ട്രൈബല്‍ സ്കൂളില്‍ നടന്ന ചടങ്ങിലാണ് മന്ത്രി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചത്.
‘വിവിധ കാരണങ്ങളാല്‍ ശുദ്ധജല ലഭ്യത നാള്‍ക്കുനാള്‍ കുറഞ്ഞുവരുകയാണ്. വിവിധ വകുപ്പുകളും ഏജന്‍സികളും ജലഗുണനിലവാരം പരിശോധിച്ചു വരുന്നുണ്ട്. നമ്മുടെ നാട്ടില്‍, പട്ടണപ്രദേശങ്ങളൊഴികെ മറ്റ് എല്ലാ പ്രദേശങ്ങളിലും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി കിണറുകളെയോ മറ്റ് ജലസ്രോതസ്സുകളെയോ ആണ് കുടിവെള്ളത്തിനായി ജനങ്ങള്‍ ആശ്രയിക്കുന്നത്. ഇവിടങ്ങളില്‍ ശുദ്ധജലലഭ്യത പൂര്‍ണ തോതിലാണെന്ന് ഉറപ്പുവരുത്തുവാന്‍ സാധിക്കാറില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 28 സ്കൂള്‍ ലബോറട്ടറികളില്‍ ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ ലാബുകള്‍ സജ്ജീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കുന്നത്’- മന്ത്രി പറഞ്ഞു.
ജലവകുപ്പിന്റെ നാഷണല്‍ ഹൈഡ്രോളജി പ്രോജക്ട് എന്ന പദ്ധതി പ്രകാരം ഒരു ജില്ലയില്‍ രണ്ടു സ്കൂളുകള്‍ വീതം 14 ജില്ലകളില്‍ 28 സ്കൂളുകളിലാണ് പരിശോധനാ സംവിധാനം ഒരുക്കിയിട്ടുള്ളത്. അതാതു സ്കൂളുകളുടെ പ്രദേശങ്ങളിലെ ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ ഈ ലാബുകള്‍ ഉപയോഗിക്കാന്‍ കഴിയും. പദ്ധതി പ്രകാരം തിരഞ്ഞെടുത്ത സ്കൂളുകളില്‍ ജലഗുണനിലവാരം പരിശോധിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കും. ഇവ പരിശോധിക്കുന്നതിനായി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വകുപ്പ് മുഖേന പരിശീലനം നല്‍കുന്നതാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.