രണ്ടാം ലോക മഹായുദ്ധകാലത്തെ വിനാശം ജി20 ഉച്ചകോടിയിൽ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബാലിയിലെ ജി20 ഉച്ചകോടിയിൽ (G20 summit) സംസാരിക്കവേയാണ് പ്രധാനമന്ത്രിയുടെ പരാമർശം.
റഷ്യ-ഉക്രൈൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ പ്രശ്നങ്ങൾ നയതന്ത്ര ചർച്ചയിലൂടെ പരിഹരിക്കൻ ലോക നേതാക്കൾ വഴി കണ്ടെത്തണമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. “രണ്ടാം ലോകമഹായുദ്ധത്തിൻറെ കെടുതികൾ കണ്ട അക്കാലത്തെ നേതാക്കൾ സമാധാനത്തിനായി പ്രയത്നിച്ചു. ഇപ്പോൾ നമ്മുടെ ഊഴമാണ്,”- അദ്ദേഹം പറഞ്ഞു. ഉക്രൈൻ റഷ്യൻ പ്രതിസന്ധി ലോക സമ്പദ് വ്യവസ്ഥയെയും ആഗോളതലത്തിൽ അടിയന്തര ചരക്ക് സേവനങ്ങളേയും ബാധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉക്രൈൻ യുദ്ധത്തിന് പുറമേ കാലാവസ്ഥാ വ്യതിയാനം, കോവിഡ് എന്നിവയുടെ ആഗോള വെല്ലുവിളികളെയും ലോകനേതാക്കൾക്ക് മുമ്പിൽ പ്രധാനമന്ത്രി ഓർമിപ്പിച്ചു. ഉച്ചകോടിക്കിടയിൽ അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ, ബ്രട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക് എന്നിവരുമായും മോദി ഹൃസ്വ ചർച്ച നടത്തി. അടുത്തവർഷം ജി20 ഉച്ചകോടിക്ക് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുക.