Monday, November 25, 2024

ഡെങ്കിപ്പനിക്കെതിരെ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് ഡെങ്കിപ്പനിയ്‌ക്കെതിരെ ഏഴു ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകൾക്കാണ് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.

‘ഏഴ് ജില്ലകൾക്ക് പുറമേ മറ്റ് ജില്ലകളും ജാഗ്രത പുലർത്തണം. എല്ലാ ജില്ലകളിലും കൊതുക് നശീകരണ പ്രവർത്തനങ്ങളും ഉറവിട നശീകരണ പ്രവർത്തനങ്ങളും നടത്തണം. തുടർച്ചയായ മഴ കാരണം പല ജില്ലകളിലും ഡെങ്കിപ്പനി വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും അവബോധ പ്രവർത്തനങ്ങളും കൂടുതൽ ശക്തമാക്കാനും നിർദേശം നൽകിയിരിക്കുകയാണ്’- മന്ത്രി പറഞ്ഞു.

ഓരോ ജില്ലകളും ആക്ഷൻ പ്ലാനനുസരിച്ച് പ്രവർത്തനങ്ങൾ നടത്താനും, ഇത് കൃത്യമായി വിലയിരുത്തുത്താനും ആരോഗ്യവകുപ്പിനും മന്ത്രി നിർദേശം നൽകി. വാർഡുതല ശുചിത്വ ഫണ്ട് ഫലപ്രദമായി ഇതിന് വിനിയോഗിക്കുന്നതിനും സംസ്ഥാനതലത്തിൽ ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കാനും തീരുമാനമായതായും മന്ത്രി വ്യക്തമാക്കി.

വെക്ടർ കൺട്രോൾ യൂണിറ്റുകളെ ജില്ലാ ആരോഗ്യ വിഭാഗം ഫലപ്രദമായി ഉപയോഗിക്കുവാൻ ആവശ്യമായ ഹൈ റിസ്‌ക് പ്രദേശങ്ങളിൽ ഡിവിസി യൂണിറ്റുകളെ വിന്യസിച്ച് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കും. ആഴ്ചയിലുള്ള റിപ്പോർട്ട് ജില്ലാതലത്തിൽ വിലയിരുത്തുവാനുമാണ് മന്ത്രിയുടെ നിർദേശം.

അതേസമയം, പനി ബാധിച്ച് സങ്കീർണമാകുമ്പോഴാണ് പലരും ആശുപത്രിയിലെത്തുന്നത്. ഇത് രോഗം ഗുരുതരമാക്കുന്നതിനാൽ രോഗലക്ഷണം ഉണ്ടാകുമ്പോൾ തന്നെ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകുവാനും. വീടിന്റെ അകത്തോ പുറത്തോ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാനും നിർദേശമുണ്ട്.

Latest News