സർവകലാശാല ചാൻസിലർ സ്ഥാനത്തു നിന്നും ഗവർണറെ നീക്കുന്നതിനുള്ള ബില്ല് കൊണ്ടുവരാൻ സംസ്ഥാന സർക്കാർ. ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം. ഡിസംബർ അഞ്ച് മുതൽ നിയമസഭാസമ്മേളനം ചേരാനും യോഗത്തിൽ തീരുമാനമായി.
വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ-ഗവർണർ പോര് തുടരുന്ന സാഹചര്യത്തിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസിലർ സ്ഥാനത്തു നിന്ന് നീക്കാൻ ബിൽ കൊണ്ടുവരുന്നത്. മുമ്പ് ഈ വിഷയത്തിൽ രാജ്ഭവന് സർക്കാർ ഓർഡിനൻസ് നൽകിയിരുന്നു. എന്നാൽ ഓർഡിനൻസ് സംബന്ധിച്ച ഒരു തീരുമാനവും ഗവർണർ ഇതുവരെ നൽകിയിട്ടില്ല.
അതേസമയം നിയമസഭ വിളിച്ചു ചേർക്കാനുളള ശുപാർശ ഗവർണർക്ക് നൽകാനും സർക്കാർ തീരുമാനിച്ചു. സമ്മേളനത്തിന് ഗവർണർ അനുമതി നൽകിയാൽ ചാൻസിലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ ഓർഡിനൻസിന് പ്രസക്തിയില്ലാതാകും. നിയമസഭ എത്ര ദിവസം വരെ ഉണ്ടാകുമെന്ന കാര്യത്തിൽ മന്ത്രിസഭായോഗത്തിൽ തീരുമാനമായില്ല.