ലോകത്തിന് ഉപ്പും ഭൂമിക്ക് പ്രകാശവുമാകാനുള്ള ക്രൈസ്തവന്റെ വിളിയുടെ തുടർച്ചയാണ് സഭയുടെ സാമൂഹിക പ്രവർത്തനങ്ങളും ഇടപെടലുകളും. സ്നേഹത്തിലും നന്മയിലും സത്യത്തിലും അടിയുറച്ച് സുവിശേഷം പകർന്നു കൊടുക്കുകയാണ് ക്രൈസ്തവ സ്ഥാപനങ്ങളുടെ അടിസ്ഥാന ലക്ഷ്യം. ധാർമ്മിക നിലപാടുകളിലും മൂല്യങ്ങളിലും അടിയുറച്ചതും, പരസ്പരാദരവോടും സാഹോദര്യത്തോടും വ്യാപരിക്കുന്നതുമായ തലമുറകളെ വാർത്തെടുക്കാൻ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
അതുപോലെതന്നെ, വിശ്വാസജീവിതത്തിന്റെ ഭാഗമായ ആരാധനക്രമം, പൗരോഹിത്യം, സന്യാസം, കൂദാശകൾ, സഭയുടെ പ്രബോധനങ്ങൾ തുടങ്ങിയവ അവഹേളിക്കപ്പെടുകയും അവമതിക്കപ്പെടുകയും ചെയ്യപ്പെടുന്ന സാഹചര്യങ്ങൾ സഭാ സ്ഥാപനങ്ങളിൽ പൂർണ്ണമായി ഒഴിവാക്കപ്പെടേണ്ടതാണ്. ക്രിസ്തീയ വിശ്വാസജീവിതത്തിനും ധാർമ്മിക കാഴ്ചപ്പാടുകൾക്കും വിരുദ്ധമായ ആഘോഷങ്ങളും ആശയങ്ങളും പ്രോത്സാഹിപ്പിക്കപ്പെടാൻ പാടില്ലാത്തതാണ്. സ്കൂൾ, കോളേജ് മാനേജ്മെന്റുകൾ ഇത്തരം കാര്യങ്ങൾ ഗൗരവമായി പരിഗണിക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യേണ്ടതുണ്ട്.
ഞായറാഴ്ച ആചരണം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, മതബോധനം തുടങ്ങിയ വിഷയങ്ങളിലെ സഭയുടെ നിലപാടുകൾ കാത്തുസൂക്ഷിക്കുകയും, അതുവഴി ഈ കാലഘട്ടത്തിലെ മൂല്യച്യുതികൾക്കും ധാർമ്മിക അപചയത്തിനുമെതിരായി പ്രതിരോധ വലയം തീർക്കുകയും ചെയ്യാൻ സഭാസ്ഥാപനങ്ങൾ സവിശേഷ ഉത്തരവാദിത്വം പുലർത്തേണ്ടതാണ്. സുവിശേഷ മൂല്യങ്ങളുടെ പ്രഘോഷണത്തിലും ഉപവിയിൽ അധിഷ്ഠിതമായ പ്രവർത്തന ശൈലിയിലും കത്തോലിക്കാ സ്ഥാപനങ്ങളുടെ അനന്യത കാത്തുസൂക്ഷിക്കാൻ ബന്ധപ്പെട്ടവർ വിട്ടുവീഴ്ച കൂടാതെ പ്രതിജ്ഞാബദ്ധരാകണം.