Wednesday, November 27, 2024

യുദ്ധത്തിന് നടുവിലും ഉറങ്ങാതെ ഉക്രൈൻ റെയിൽ ഗതാഗതം

“അവസാനമായി നമ്മുടെ സൈന്യം തിരികെ പിടിച്ചെടുത്ത നഗരത്തിൽ ട്രെയിൻ ഗതാഗതം ഉടൻ ആരംഭിക്കുക,”- കെർസൺ നഗരം റഷ്യൻ സൈന്യത്തിന്റെ കീഴിൽ നിന്നും തിരികെ പിടിച്ചെടുത്തതിന് ശേഷം ഉക്രൈൻ പ്രസിഡന്റിന്റെ അറിയിപ്പായിരുന്നു ഇത്. യുദ്ധത്തിന്റെയും കഷ്ടതകളുടെയും നടുവിലും ട്രെയിൻ ഗതാഗതം മുടക്കം കൂടാതെ മുന്നോട്ട് കൊണ്ടുപോകുവാൻ ഉക്രൈൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

റഷ്യ അധിനിവേശത്തിന് ശേഷം ഏകദേശം ഒമ്പത് മാസങ്ങൾക്കുള്ളിൽ ഉക്രേനിയക്കാർക്ക് പഠിക്കേണ്ടി വന്ന കയ്പേറിയ പാഠങ്ങളിൽ ഒന്നാണ് ‘ഇന്ന് ഇവിടെയുള്ളത് നാളെ നശിപ്പിക്കപ്പെടാം, യുദ്ധത്തിൽ ഒന്നും നിസ്സാരമായി കാണാനാകില്ല’ എന്നതായിരുന്നു. സാധ്യതകളുടെ ലോകത്തെ കുറിച്ചുള്ള ഒരു പഠനമായിരുന്നു ഉക്രൈൻകാർക്ക് ഈ യുദ്ധം.

85% ട്രെയിനുകളും കഴിഞ്ഞ മാസം പൂർണ്ണമായും പ്രവർത്തിച്ചതായി ദേശീയ റെയിൽ കമ്പനി അഭിമാനത്തോടെ ഓർക്കുന്നു. രാജ്യത്തുടനീളം ഓടുന്ന രാത്രി ട്രെയിനുകൾ ഇപ്പോഴും സ്ലീപ്പിംഗ് കമ്പാർട്ടുമെന്റുകളിൽ ചൂട് ചായയും വൃത്തിയുള്ള ഷീറ്റും നൽകി ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നു. ആളുകളേക്കാൾ ഉപരി ചരക്കു സാധനങ്ങളും യുദ്ധഭൂമിയിലേക്കുള്ള സഹായങ്ങളും അവശ്യസാധനങ്ങളും ആയി ട്രെയിൻ സർവീസ് നടത്തി. യുദ്ധത്തിൽ വിമാനമാർഗം എത്തിച്ചേരാനാകാത്ത തലസ്ഥാനമായ കീവിൽ ലോക നേതാക്കൾക്കും മറ്റും എത്തിച്ചേരുവാനുള്ള മാർഗ്ഗമായി ഈ ട്രെയിൻ സർവീസുകൾ മാറിയിരുന്നു.

ഫെബ്രുവരി 24 ന് റഷ്യ ഉക്രെയ്ൻ ആക്രമിച്ചതിനുശേഷം മിസൈൽ ആക്രമണങ്ങളും മറ്റുമായി പാലങ്ങൾ തകരുകയും ട്രാക്കുകൾ പൊട്ടിത്തെറിക്കുകയും 300 ഓളം റെയിൽ തൊഴിലാളികളെ കൊല്ലുകയും 600 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എങ്കിലും ട്രെയിൻ സർവീസുകൾ സാധിക്കുന്ന അത്രയും അവർ നടത്തി. കാരണം മറ്റു മാർഗ്ഗങ്ങൾ എല്ലാം അടഞ്ഞപ്പോൾ യുദ്ധമുഖത്തേയ്‌ക്ക്‌ സൈനികരെ എത്തിക്കുവാനും പരിക്കേറ്റ സൈനികരെ ആശുപത്രികളിലേക്ക് നീക്കുവാനും ട്രെയിൻ ഗതാഗതമല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഇല്ലായിരുന്നു.

യുദ്ധം ഒരു ഒഴിവുകഴിവല്ല എന്നാണ് റയിൽവേ വകുപ്പിന്റെ മേധാവിയായ 38 കാരനായ കമിഷിൻ പറയുന്നത്. അതിനാൽ തന്നെ ഇനിയും കുഴിബോംബുകളും നീക്കം ചെയ്തിട്ടില്ലാത്ത, ചെളിനിറഞ്ഞ, തകർന്ന ചുറ്റുപാടുകൾക്കിടയിലൂടെയുള്ള പാളങ്ങളിലൂടെ ധീരതയോടെ അവർ ട്രെയിൻ ഓടിക്കുകയാണ്. സൈന്യത്തിന് സഹായമായി… പരിക്കേറ്റവർക്ക് സഹായവുമായി..

Latest News