കണ്ണൂർ സർവ്വകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ വിവാദമായ പ്രിയാ വർഗീസിന്റെ നിയമനം അസാധുവായി പ്രഖ്യാപിച്ച് ഹൈക്കോടതി. ചങ്ങനാശേരി എസ്. ബി കോളേജ് പ്രൊഫസറായ ജോസഫ് വർഗീസ് സമർപ്പിച്ച ഹർജിയെത്തുടർന്നാണ് ഹൈക്കോടതി വിധി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
‘അധ്യാപകർ രാഷ്ട്രനിർമ്മാതാക്കൾ, സമൂഹത്തിലെ ഏറ്റവും നല്ലവരായിരിക്കണം അധ്യാപകർ. അധ്യാപക ജോലി ചെയ്യാത്തവരെ അധ്യാപന പരിചയമുള്ളവരായി പരിഗണിക്കാൻ കഴിയില്ല,’ കോടതി പറഞ്ഞു. ഗവേഷണ കാലയളവിൽ പ്രിയയ്ക്ക് അധ്യാപന പരിചയം ലഭിച്ചോ എന്നും കോടതി ചോദിച്ചു. പ്രിയാ വർഗീസിൻറെ ഫേസ്ബുക്ക് പോസ്റ്റിനെയും കോടതി വിമർശിച്ചു.
അതേസമയം അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യതപോലും പ്രിയ വർഗീസിന് ഇല്ല. ഗവേഷണ കാലയളവിൽ മതിയായ അറ്റൻഡൻസും ഇല്ലായിരുന്നു എന്നതും കുറഞ്ഞത് എട്ട് വർഷത്തെ അധ്യാപന പരിചയം പോലും ഇവർക്ക് ഇല്ലെന്നതും കോടതി ചൂണ്ടിക്കാട്ടി.
കണ്ണൂർ സർവ്വകലാശാലയിലെ മലയാളം അസോ. പ്രഫസർ തസ്തിക നിയമനത്തിനുള്ള താൽക്കാല പട്ടികയിൽ പ്രിയക്കായിരുന്നു ഒന്നാം സ്ഥാനം. എന്നാൽ അഭിമുഖത്തിൽ കൃത്രിമം കാണിച്ചാണ് പ്രിയയുടെ റാങ്ക് പട്ടിക തയാറാക്കിയതെന്നും, യുജിസി മാനദണ്ഡമനുസരിച്ചുള്ള യോഗ്യത ഇവർക്കില്ല എന്നതുമുൾപ്പടേയുള്ള കാര്യങ്ങളാണ് ഹർജിക്കാരൻ കോടതിയിൽ ചൂണ്ടിക്കണിച്ചത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാഗേഷിൻറെ ഭാര്യ കൂടിയാണ് പ്രിയ വർഗീസ്.