യുഎസിൽ വരെ ആക്രമണം നടത്താൻ ശേഷിയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) ഉത്തര കൊറിയ പരീക്ഷിച്ചു. ജപ്പാന്റെ അധീനതയിലുള്ള സമുദ്രമേഖലയിൽ ജപ്പാൻ തീരത്തിന് 200 കിലോമീറ്റർ അകലെയാണു മിസൈൽ പതിച്ചത്. ഇതിനു മറുപടിയായി ജപ്പാനും യുഎസും കടലിൽ സൈനികാഭ്യാസം നടത്തി.
ഏഷ്യ പസിഫിക് ഇക്കണോമിക് കോർപറേഷന്റെ ഉച്ചകോടിക്കായി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് തായ്ലൻഡിലെത്തിയിരിക്കെയാണു സംഭവം. കമലയും ജപ്പാൻ, ദക്ഷിണ കൊറിയ, കാനഡ, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ ഉത്തരകൊറിയയുടെ നടപടിയെ അപലപിച്ചു.
ഉത്തര കൊറിയയുടെ ഏറ്റവും കരുത്തുറ്റ മിസൈലായ ഹ്വാസോങ് 17 ആണ് ഇന്നലെ പരീക്ഷിച്ചതെന്ന് അഭ്യൂഹമുണ്ട്. ഈ വർഷം അറുപതിലേറെ മിസൈൽ പരീക്ഷണങ്ങൾ രാജ്യം നടത്തി. ഇതിൽ എട്ടെണ്ണം ഐസിബിഎമ്മുകളാണ്. ഇതിൽ എട്ടെണ്ണം ഐസിബിഎമ്മുകളാണ്. ഇന്നലെ പരീക്ഷിച്ച മിസൈൽ ശബ്ദത്തിന്റെ 22 മടങ്ങ് വേഗം കൈവരിച്ചെന്നും റിപ്പോർട്ടുകൾ വ്യക്തമാകുന്നു.