കുഫോസ് വൈസ് ചാൻസിലർ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പിൽ നൽകി മുൻ വിസി. ഡോ. കെ. റിജി ജോൺ ആണ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
യുജിസി ചട്ടങ്ങൾ ലംഘിച്ചാണ് ഡോ. റിജി ജോണിൻ്റെ നിയമനം എന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു കുഫോസ് മുൻ വിസിയുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻറേതായിരുന്നു ഉത്തരവ്. ചട്ടങ്ങൾ പാലിച്ചുകൊണ്ട് പുതിയ വിസിയെ നിയമിക്കാനും ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു. എന്നാൽ ഈ ഉത്തരവിനെതിരെയാണ് മുൻ വിസി അപ്പീൽ ഹർജി നൽകിയത്.
കാർഷിക വിദ്യാഭ്യാസം സംസ്ഥാന ലിസ്റ്റിൽ വരുന്നതായതിനാൽ യുജിസി ചട്ടം ബാധകമല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് റിജി ജോൺ അപ്പീൽ നൽകിയിരിക്കുന്നത്. കുഫോസ് വിസി ആയി ഡോ. കെ റിജി ജോണിനെ നിയമിച്ചത് യുജിസി ചട്ടപ്രകാരം അല്ലെന്ന് ആരോപിച്ചാണ് ഹൈക്കോടതിയിൽ ഹർജിയെത്തിയത്. വിസി നിയമന പട്ടികയിൽ ഉണ്ടായിരുന്ന എറണാകുളം സ്വദേശി ഡോ. കെ കെ വിജയൻ ആണ് ഹർജി നൽകിയത്.