Tuesday, November 26, 2024

ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍; ഉത്തരവ് ഭേദഗതി ചെയ്ത് സുപ്രീം കോടതി

രാജ്യത്തെ വന്യജീവി സങ്കേതങ്ങള്‍ക്കു ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ ഉത്തരവില്‍ ഇളവ് വരുത്തി സുപ്രീം കോടതി. മേഖലയില്‍ സമ്പൂര്‍ണ്ണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഉത്തരവിലാണ് കോടതി ഇളവ് വരുത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് ഭേദഗതി.

വന്യജീവി സങ്കേതങ്ങള്‍ക്കും, ദേശീയ ഉദ്യോനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് ബഫര്‍ സോണ്‍ മേഖലയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന മേഖലകളില്‍ സമ്പൂര്‍ണ്ണമായ നിയന്ത്രണം വേണമെന്ന് ബഫര്‍ സോണ്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഇളവ് ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ അധ്യക്ഷതയിലുള്ള ബഞ്ച് ഭേദഗതി ചെയത് ഉത്തരവായത്.

കരട്, അന്തിമ വിജ്ഞാപനങ്ങള്‍ ഇറങ്ങിയ മേഖലകള്‍ക്ക് പുറമെ, സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുന്ന വിജ്ഞാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖലകള്‍ക്കാണ് കോടതി ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെ സംസ്ഥാന അതിര്‍ത്തികളിലുള്ള സംരക്ഷിത മേഖലകള്‍ക്കും നിയന്ത്രണത്തില്‍ ഇളവ് വരും. ബഫര്‍ സോണുമായി ബന്ധപ്പെട്ട് കേരളത്തില്‍ വലിയ പ്രതിഷേധങ്ങളായിരുന്നു ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ നടന്നിരുന്നത്.

Latest News