നൈജീരിയയിലെ പാരിഷ് റെക്‌ടറിക്ക് തീയിട്ടതിനെ തുടർന്ന് ഒരു കത്തോലിക്കാ വൈദികൻ കൊല്ലപ്പെട്ടു. നൈജീരിയയിലെ മിന്ന രൂപതയിൽ ജനുവരി 15 -ന് സെന്റ് പീറ്റർ ആൻഡ് പോൾ കാത്തലിക് ചർച്ചിന്റെ കത്തിക്കരിഞ്ഞ ഇടവക കെട്ടിടത്തിൽ നിന്നാണ് ഫാ. ഐസക് അച്ചിയുടെ മൃതദേഹം കണ്ടെത്തിയത്.
കഫിൻ കോറോ ഗ്രാമത്തിലുള്ള അദ്ദേഹത്തിന്റെ പാരിഷ് റെക്‌ടറി പുലർച്ചെ മൂന്നു മണിക്ക് ആയുധധാരികളായ കൊള്ളക്കാർ ആക്രമിച്ചതിനെ തുടർന്നായിരുന്നു മരണം. റെക്‌ടറിയിലെ മറ്റൊരു പുരോഹിതനായ ഫാ. കോളിൻസ് ഒമേ രക്ഷപെട്ടു. പക്ഷേ, അക്രമികൾ വെടിയുതിർത്തതിനെ തുടർന്ന് അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. ഫാ. ഐസക്, സെന്റ് പീറ്റർ ആൻഡ് പോൾ കത്തോലിക്കാ ദൈവാലയത്തിന്റെ ഇടവക വികാരിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയുടെ (CAN) പ്രാദേശികശാഖയുടെ ചെയർമാനായിരുന്നു അദ്ദേഹം.
ആക്രമണം നടന്ന നൈജറിന്റെ ഗവർണർ അൽഹാജി സാനി ബെല്ലോ അബൂബക്കർ ആക്രമണത്തെ ‘മനുഷ്യത്വരഹിതമായ പ്രവർത്തി’ എന്നാണ് വിശേഷിപ്പിച്ചത്. അക്രമികളെ അറസ്റ്റ് ചെയ്യാൻ പ്രാദേശിക സുരക്ഷാ ഏജൻസികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തതായി ദ ഡെയ്‌ലി പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. “ഒരു പുരോഹിതൻ കൊല്ലപ്പെട്ടതിൽ വേദനയുണ്ട്. നടന്നുകൊണ്ടിരിക്കുന്ന കൂട്ടക്കൊല അവസാനിപ്പിക്കാൻ കടുത്ത നടപടി ആവശ്യമാണ്” – ബെല്ലോ പറഞ്ഞു.