ആയിരക്കണക്കിന് പുതുപുത്തന്‍ കുഞ്ഞിഷൂസുകള്‍ നിരത്തിവച്ചിരിക്കുന്നു. ഓരോ 10 മിനിട്ടിലും ഓരോ ജോഡി ഷൂസ് കൂടി ഇതോടൊപ്പം ഇടം പിടിക്കുന്നു. എണ്ണം നൂറില്‍ നിന്ന് ആയിരമായും പതിനായിരമായും ഉയരുന്നുകൊണ്ടിരിക്കുന്നു. ഈ ഷൂസുകള്‍ ധരിച്ച് ഭൂമിയില്‍ പാറിനടക്കേണ്ട കുരുന്നുകളുടെ ഓര്‍മയ്ക്ക് മുന്നില്‍ ഇവ നിശ്ചലമായി നിരന്നുകിടന്നു. ഗാസയിലെ കൂട്ടക്കുഴിമാടങ്ങളിലും തകര്‍ന്ന കെട്ടിടങ്ങളുടെ കോണ്‍ക്രീറ്റ് കൂമ്പാരങ്ങള്‍ക്കിടയിലും മരിച്ചുകിടക്കുന്ന 14,000 കുരുന്നുകളുടെ വിയോഗത്തെയാണ് പല വര്‍ണത്തിലുള്ള ഈ ഷൂസുകള്‍ ഓര്‍മിപ്പിക്കുന്നത്.
ഗാസയില്‍ കഴിഞ്ഞ നാല് മാസത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടതും ഇപ്പോഴും ബോംബാക്രമണത്തിലും പട്ടിണി കിടന്നും മരിച്ചുകൊണ്ടിരിക്കുന്നതുമായ കുട്ടികളെ കുറിച്ച് ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കാന്‍ നടത്തിയതായിരുന്നു ഈ പ്രദര്‍ശനം. നെതര്‍ലന്‍ഡ്സ് നഗരമായ യൂട്രെക്റ്റിലെ വ്രെഡന്‍ബര്‍ഗ്പ്ലെയിന്‍ ചത്വരത്തില്‍ ഞായറാഴ്ചയായിരുന്നു പരിപാടി. ‘പ്ലാന്റ് ആന്‍ ഒലിവ് ട്രീ ഫൗണ്ടേഷന്‍’ ആയിരുന്നു സംഘാടകര്‍.
ഗാസ മുനമ്പിലെ കുട്ടികള്‍ ഇസ്രായേല്‍ തൊടുത്തുവിടുന്ന ബോംബുകളും ഷെല്ലുകളും കൊണ്ടുമാത്രമല്ല, പട്ടിണിയും ദാഹവും മൂലവും കൊല്ലപ്പെടുന്നു. പ്രദേശത്ത് ദുരിതാശ്വാസ സാമഗ്രികള്‍ എത്തുന്നില്ല. ശരാശരി ഓരോ 10 മിനിറ്റിലും ഒരു പാലസ്തീനിയന്‍ കുഞ്ഞ് മരിക്കുന്നുവെന്ന് പ്ലാന്റ് ആന്‍ ഒലിവ് ട്രീ ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല വടക്കന്‍ ഗാസയില്‍ പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടുന്ന രണ്ട് വയസിന് താഴെയുള്ള കുട്ടികളുടെ എണ്ണവും ഒരു മാസത്തിനുള്ളില്‍ ഇരട്ടിയായതായി യൂനിസെഫ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.