ഇന്ത്യ-മാലിദ്വീപ് ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ച സാഹചര്യത്തില്‍ ചൈനീസ് സമുദ്ര ഗവേഷണ കപ്പല്‍ ഷിയാങ്ങ് യാങ്ങ് ഹോങ്ങ് 03 ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ മാലിയെ ലക്ഷ്യമിട്ട് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ചാരവൃത്തി കൂടി ലക്ഷ്യമിട്ടാണ് ചൈനീസ് കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രവേശിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജാവയ്ക്കും സുമാത്രയ്ക്കും ഇടയിലുള്ള സുന്ദ കടലിടുക്കിലൂടെ സഞ്ചരിച്ച ചൈനീസ് കപ്പല്‍ ഇപ്പോള്‍ ഇന്തോനേഷ്യയുടെ തീരത്തുകൂടി സഞ്ചരിക്കുന്നതായി മറൈന്‍ ട്രാക്കര്‍ ആപ്പ് കാണിക്കുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരി 8ന് കപ്പല്‍ മാലിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
2019ലും 2020ലും കപ്പല്‍ ഇവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയതായി പ്രമുഖ ജിയോസ്‌പേഷ്യല്‍ വിദഗ്ധന്‍ ഡാമിയന്‍ സൈമണ്‍ എക്സില്‍ കുറിച്ചിരുന്നു. ‘മാലിയിലേക്ക് പോകുന്ന ചൈനീസ് സമുദ്ര ഗവേഷണ കപ്പല്‍ ഷിയാങ്ങ് യാങ്ങ് ഹോങ്ങ് 03 മേഖലയ്ക്ക് അപരിചിതമല്ല. 2019, 2020 വര്‍ഷങ്ങളില്‍ സമുദ്ര സര്‍വേകള്‍ നടത്തിയ ശേഷം, ഐഒആര്‍, ബംഗാള്‍ ഉള്‍ക്കടല്‍, അറബിക്കടല്‍ എന്നിവിടങ്ങളില്‍ കപ്പല്‍ നിരീക്ഷിച്ചത് പുതിയ ആശങ്കകള്‍ ഉയര്‍ത്തുന്നു’വെന്നായിരുന്നു ഡാമിയന്‍ സൈമണ്‍ എക്സില്‍ കുറിച്ചത്.
4,300 ടണ്‍ ഭാരമുള്ള ഷിയാങ്ങ് യാങ്ങ് ഹോങ്ങ് 03 ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്നടക്കം വിവരങ്ങള്‍ ശേഖരിക്കുന്ന ഗവേഷണ കപ്പലാണ്. സമുദ്രാന്തര്‍ ഭാഗത്തെ ഭൂകമ്പങ്ങള്‍ പോലെയുള്ള പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി കാണാനും വിനാശകരമായ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാനും സഹായിക്കുന്ന വിലപ്പെട്ട വിവരങ്ങള്‍ നല്‍കുന്ന ഗവേഷണമാണ് കപ്പല്‍ നടത്തുന്നത്. അതേസമയം അന്തര്‍വാഹിനികളും വെള്ളത്തില്‍ മുങ്ങിത്താണ് സഞ്ചരിക്കാവുന്ന ഡ്രോണുകളും ഉപയോഗിച്ച് ഭാവിയില്‍ സമുദ്രാന്തര്‍ സഞ്ചാരം നടത്താന്‍ ചൈനയ്ക്ക് ഗവേഷണ കപ്പല്‍ ശേഖരിക്കുന്ന വിവരങ്ങള്‍ സഹായകമാകുമെന്ന് വിലയിരുത്തലുണ്ട്.