Monday, November 25, 2024

വിശ്വ മാമാങ്കത്തിന് വർണ്ണാഭമായ തുടക്കം

ഖത്തര്‍ ആതിഥേയത്വം വഹിച്ച ഫുട്ബോള്‍ ലോകകപ്പിന് വർണ്ണാഭമായ തുടക്കം. ദോഹയിലെ അല്‍-തു-മമ സ്റ്റേഡിയത്തില്‍ വിപുലമായ ആഘോഷങ്ങളോടെയാണ് ഫിഫ 2022 ലോകകപ്പിന് തുടക്കംകുറിച്ചത്. ഖത്തറിന്‍റെ ചരിത്രവും സാംസ്കാരിക തനിമയും ഫിഫാ ലോകകപ്പിന്‍റെ നാള്‍വഴികളും ഉദ്ഘാടന ചടങ്ങില്‍ അരങ്ങിലെത്തി.

മലയാളികളടക്കം ആയിരക്കണക്കിന് ആളുകളാണ് അല്‍-തു-മമ സ്റ്റേഡിയത്തില്‍ നിറഞ്ഞത്. ലോകകപ്പില്‍ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെ ദേശിയപതാകകള്‍ ഉയര്‍ന്ന് പാറിയ ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ഖത്തറിലെ ഗായകന്‍ അല്‍കു ബൈസിയുടെ സംഗീത നിശക്കൊപ്പം ഷക്കീറയുടെ ‘വാക്ക വാക്ക’ ഗാനവും സ്റ്റേഡിയത്തില്‍ മുഴങ്ങി. കനേഡിയന്‍ ഗായിക നോറ ഫത്തേഹി, ലെബനീസ് ഗായിക മിറിയം ഫറേസ് തുടങ്ങിയവരും സംഗീത വിസ്മയം തീര്‍ത്തു.

അതേസമയം, അല്‍ ബെയ്ത്ത സ്റ്റേഡിയത്തില്‍ നടന്ന സന്നാഹ മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെ ദക്ഷിണ അമേരിക്കന്‍ രാജ്യമായ ഇക്വഡോര്‍‍ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി. ഇരട്ട ഗോളുകള്‍ നേടി ക്യാപ്റ്റന്‍ എന്നെര്‍ വലന്‍സിയയാണ് ഇക്വഡോറിനായി തിളങ്ങിയത്. ഖത്തറിന് പോരാടാനുള്ള സമയം പോലും നല്‍കാതെ ആദ്യ പകുതിയില്‍ തന്നെ ഇക്വഡോര്‍‍ ആക്രമണം നടത്തി.

16-ാം മിനിറ്റില്‍ വലന്‍സിയ ഇക്വഡോറിനെ മുന്നിലെത്തിച്ച് മത്സരം കൈക്കലാക്കി. പന്തുമായി ബോക്‌സിലേക്ക് കയറിയ വലന്‍സിയയെ ഖത്തര്‍ ഗോള്‍കീപ്പര്‍ സാദ് അല്‍ ഷീബ് വീഴ്ത്തിയതിനു പിന്നാലെ റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ചൂണ്ടി. കിക്കെടുത്ത വലന്‍സിയ ഗോള്‍ വലയിലേക്ക് തൊടുത്ത പന്ത് ലക്ഷ്യ സ്ഥാനത്തെത്തി.

ആക്രമണം തുടര്‍ന്ന വലന്‍സിയ 31-ാം മിനിറ്റിലും ഗോള്‍ വലകീഴടക്കി ഇക്വഡോറിന് ഏകപക്ഷിയ വിജയം സമ്മാനിച്ചു. ഇതോടെ ലോകകപ്പില്‍ അഞ്ച് ഗോളുകള്‍ നേടുന്ന ആദ്യ ഇക്വഡോര്‍ താരമെന്ന നേട്ടവും എന്നെര്‍ വലന്‍സിയായുടെ പേരില്‍ കുറിച്ചു. ഇക്വഡോറിന്‍റെ നിരന്തര ആക്രമണങ്ങള്‍ പ്രതിരോധിക്കുക മാത്രമായിരുന്നു കളിയില്‍ ഖത്തര്‍. അല്‍മോയസ് അലി, മുഹമ്മദ് മുണ്ടാരിയുടെ ഏതാനും ഷോട്ടുകള്‍ മാത്രമാണ് ഖത്തറിന് ആശ്വസിക്കാനുള്ളത്. ലോകകപ്പ് മത്സരത്തില്‍ ഇംഗ്ലണ്ടും – ഇറാനും തമ്മിലാണ് ഇനി പോരാട്ടം.

Latest News