പ്രകൃതിഷോഭങ്ങളെ നേരിടുന്നതിനുള്ള മോക്ഡ്രില്ലിനിടയിൽ പത്തനംതിട്ടയിൽ ഒരു മരണം. വെണ്ണിക്കുളം സ്വദേശിയായ പാലത്തിങ്കൽ ബിജുവാണ് ഒഴുക്കിൽപെട്ട് മരിച്ചത്.
സംസ്ഥാനവ്യാപകമായി 70 താലൂക്കുകളിലായാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. ദേശീയ ദുരന്തനിവാരണസേനയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളുടെ പങ്കാളിത്വത്തോടെയാണ് മോക്ഡ്രിൽ സംഘടിപ്പിക്കപ്പെട്ടത്. ഫയർഫോഴ്സ് സംഘങ്ങൾ ഉൾപ്പടെയുള്ള സംഘമാണ് മോക്ഡ്രിൽ നടത്തിയത്. നീന്തൽ അറിയാവുന്നവരെ മോക്ഡ്രില്ലിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ബിജു മോക്ഡ്രില്ലിൽ പങ്കെടുത്തതെന്നാണ് വിവരം.
ഏഴ് ജില്ലകളിലായി പ്രളയസാധ്യതാ മോക്ഡ്രില്ലും ഏഴ് ജില്ലകളിലായി ഉരുൾപൊട്ടൽ സാധ്യതാ മോക്ഡ്രില്ലുമാണ് സംഘടിപ്പിച്ചത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ കാര്യങ്ങൾ സാങ്കൽപ്പികമായി പ്രഖ്യാപിച്ചുകൊണ്ടാണ് മോക്ഡ്രിൽ നടത്തുന്നത്. പ്രകൃതിദുരന്ത രക്ഷാപ്രവർത്തനങ്ങൾക്ക് ജനങ്ങളെ പ്രാപ്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.