Thursday, May 15, 2025

ഐ.എസ് ഭീകരവാദികളുടെ ഭാര്യമാരെക്കുറിച്ചുള്ള നാടകം; നാടക പ്രവര്‍ത്തകര്‍ക്ക് തടവ് ശിക്ഷയുമായി റഷ്യ

ഐഎസ് ഭീകരുടെ ഭാര്യമാരേക്കുറിച്ച് നാടകം. റഷ്യന്‍ നാടക സംവിധായികമാര്‍ക്ക് തടവ് ശിക്ഷ. ‘ദി ബ്രേവ് ഫാല്‍ക്കണ്‍ ഫിനിസ്റ്റ്’ എന്ന നാടകമാണ് റഷ്യയില്‍ വന്‍ വിവാദമായിരിക്കുന്നത്. നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നാടകത്തില്‍ ഭീകരവാദത്തെ ന്യായീകരിക്കുന്ന ഘടകങ്ങളുണ്ടെന്നാണ് മോസ്‌കോയിലെ സൈനിക കോടതി കണ്ടെത്തിയത്. നാടക സംവിധായികയും നാടകകൃത്തും കവിയുമായ എവ്ജീനിയ ബെര്‍കോവിച്ച്, നാടകകൃത്തായ സ്വെറ്റ്ലാന പെട്രിചുക്ക് എന്നിവര്‍ക്കാണ് ആറ് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.

2023 മെയ് മാസം മുതല്‍ കസ്റ്റഡിയിലാണ് 44കാരിയായ സ്വെറ്റ്ലാന പെട്രിചുക്കും 39കാരിയായ എവ്ജീനിയ ബെര്‍കോവിച്ചും. ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചുവെന്നതാണ് ഇവര്‍ക്കെതിരായി തെളിഞ്ഞിരിക്കുന്ന കുറ്റം. റഷ്യന്‍ യുവതികള്‍ക്ക് ഐഎസ് ഭീകരവാദികള്‍ക്കൊപ്പം ചേരാന്‍ പ്രോത്സാഹനം നല്‍കുന്നതാണ് ‘ദി ബ്രേവ് ഫാല്‍ക്കണ്‍ ഫിനിസ്റ്റ്’ എന്ന നാടകമെന്നും സൈനിക കോടതി വിലയിരുത്തി. ആറ് വര്‍ഷത്തെ തടവ് കാലത്തിന് ശേഷം വൈബ് സൈറ്റുകള്‍ കൈകാര്യം ചെയ്യുന്നതിനും ഇവര്‍ക്ക് വിലക്കുണ്ട്.

2020ല്‍ പ്രദര്‍ശിപ്പിച്ച ഈ നാടകം നാടക മേഖലയ്ക്ക് റഷ്യയിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ഗോള്‍ഡന്‍ മാസ്‌ക് അവാര്‍ഡ് രണ്ട് തവണ നേടിയിരുന്നു. കഥയിലെ പ്രധാന കഥാപാത്രം തീവ്രവാദ സംഘത്തില്‍ ചേര്‍ന്നതില്‍ വഞ്ചിക്കപ്പെട്ടതായി തോന്നി തിരികെ എത്തുന്നതും രാജ്യത്ത് തീവ്രവാദിയെന്ന രീതിയില്‍ ജയിലില്‍ അടയ്ക്കുന്നതുമാണ് നാടകത്തിന്റെ സാരാംശം. ഭീകരവാദത്തിനെതിരായ സന്ദേശം നല്‍കുന്ന നാടകം എങ്ങനെയാണ് തെറ്റായ സന്ദേശം നല്‍കുന്നതെന്ന് വ്യക്തമാവുന്നില്ലെന്നാണ് എവ്ജീനിയ ബെര്‍കോവിച്ച് കോടതിയില്‍ അറിയിച്ചത്.

പാതി അടച്ചിട്ട കോടതി മുറിയിലായിരുന്നു ഇവരുടെ വിചാരണ നടന്നത്. റഷ്യയിലെ ആവിഷ്‌കാര സ്വാതന്ത്ര്യത്തേക്കുറിച്ച കടുത്ത ആശങ്ക പങ്കുവയ്ക്കുന്നതാണ് കോടതി വിധിയെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. 2022ലെ യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ വലിയ രീതിയിലുള്ള വിലക്കുകളും സമ്മര്‍ദവുമാണ് റഷ്യയിലെ കലാരംഗം നേരിടുന്നതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

 

Latest News