Thursday, April 3, 2025

യുദ്ധത്തിന്റേയും പ്രണയത്തിന്റേയും കഥ പറയുന്ന ‘എ ഫെയര്‍വെല്‍ ടു ആംസ്’

ഇരുപതാം നൂറ്റാണ്ടിന് ചിന്താപരമായി ഒട്ടേറെ സംഭാവനകള്‍ നല്‍കിയ അമേരിക്കന്‍ എഴുത്തുകാരനാണ് ഏണസ്റ്റ് ഹെമിങ്വേ. ആത്മസംയമനവും സദാചാരശുദ്ധിയും സഹിഷ്ണുതയുമാണ് പരമനന്മയെന്ന് വിശ്വസിച്ചിരുന്ന ഹെമിങ്വേ മരണത്തിന്റെയും യുദ്ധങ്ങളുടേയും കഥകളാണ് ഏറെയും എഴുതിയിരുന്നത്. പുലിസ്റ്റര്‍ സമ്മാനവും നോബല്‍ സമ്മാനവും അദ്ദേഹത്തെ തേടിയെത്തി.

രണ്ടാം ലോകമഹായുദ്ധകാലത്ത് അദ്ദേഹം യുദ്ധകാര്യ ലേഖകനായി വര്‍ത്തിച്ചിരുന്നു. യുദ്ധത്തില്‍ മുട്ടിനു പരിക്കേറ്റ ഹെമിംങ്വേ ആശുപത്രിയിലാവുകയും തന്നെ ശുശ്രൂഷിച്ച നഴ്സുമായി പ്രണയത്തിലാവുകയും ചെയ്തു. ഈ സംഭവമാണ് ‘ഫെയര്‍വെല്‍ ടു ആംസ്’ (1929) എന്ന പ്രശസ്തമായ കൃതിക്കു കാരണമായത്. ഈ നോവലിലെ കേന്ദ്ര കഥാപാത്രവും യുദ്ധത്തില്‍ പരിക്കേറ്റ് ആശുപത്രിയിലാവുകയും നേഴ്സുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത് ഇറ്റാലിയന്‍ സൈന്യത്തിലെ അമേരിക്കന്‍ ആംബുലന്‍സ് ഡ്രൈവറായ ഫ്രെഡറിക് ഹെന്റിയാണ് കേന്ദ്ര കഥാപാത്രം. വേദനയുടെ കാലത്ത് പ്രണയത്തെ കണ്ടെത്തുകയും യുദ്ധത്തിന്റെ നിരര്‍ത്ഥകതയെയും രക്തച്ചൊരിച്ചിലിനെയും ചോദ്യം ചെയ്യുകയും ചെയ്യുന്നതാണ് ഈ പുസ്തകം. ഒന്നാം ലോകമഹായുദ്ധത്തിലെ ദുരന്തങ്ങളുടെ നേരിട്ടുള്ള വിവരണം കൂടിയായ ഈ നോവലില്‍ 355 പേജുകളാണുള്ളത്. ഇംഗ്ലീഷിലാണ് ആദ്യം പ്രസിദ്ധീകരിച്ചത്.

16-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് കവി ജോര്‍ജ്ജ് പീലില്‍ നിന്നാണ് എ ഫെയര്‍വെല്‍ ടു ആംസ് എന്ന നോവലിന്, ഹെമിംഗ്വേ തലക്കെട്ട് കടമെടുത്തത്. ‘ആയുധങ്ങളോടുള്ള വിടവാങ്ങല്‍’ എന്ന തലക്കെട്ട് യുദ്ധത്തിലും പ്രണയത്തിലുമുള്ള കഥാ നായകന്റെ നിരാശയെ സൂചിപ്പിക്കുന്നു. യുദ്ധവും പ്രണയവും, പുരുഷത്വവും സ്ത്രീത്വവും, ഭയവും ധൈര്യവും എന്നിങ്ങനെ പരസ്പരവിരുദ്ധമായ നിരവധി തീമുകളില്‍ എ ഫെയര്‍വെല്‍ ടു ആംസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നോവലിന്റെ പശ്ചാത്തലം യുദ്ധമാണെങ്കിലും, കഥാപാത്രങ്ങള്‍ക്ക് അവരുടെ ഭയത്തെ മറികടക്കാനും ലിംഗപരമായ വേഷങ്ങള്‍ പുനര്‍നിര്‍വചിക്കാനും പരസ്പരം പ്രണയത്തിലാകാനും കഴിയുമെന്നും നോവല്‍ തെളിയിക്കുന്നു.

നോവലിന്റെ പ്രമേയം, അതിന്റെ സാര്‍വത്രികത, പ്രതീകാത്മകത, പദങ്ങളുടെ തിരഞ്ഞെടുപ്പ്, വിശദാംശങ്ങളുടെ ക്രമം എന്നിവയാല്‍ തലമുറകളോളം നിലനില്‍ക്കുന്ന’ ഒരു ക്ലാസിക് കൃതിയായി ഏണസ്റ്റ് ഹെമിംഗ്വേയുടെ എ ഫെയര്‍വെല്‍ ടു ആംസ് കണക്കാക്കാം. ഒന്നാം ലോകമഹായുദ്ധത്തില്‍ നിന്ന് പുറത്തുവന്ന ഏറ്റവും മികച്ച അമേരിക്കന്‍ നോവലാണ് എ ഫെയര്‍വെല്‍ ടു ആംസ് എന്ന് നിസ്സംശയം പറയാം.

 

Latest News