2024 ൽ ലോകം അഭിമുഖീകരിച്ചത് ഭയാനകമായ ചൂടായിരുന്നു. ഏറ്റവും റെക്കോർഡ് ചൂട്, ഉരുകുന്ന പർവതങ്ങൾ, ചൂടാകുന്ന സമുദ്രങ്ങൾ എന്നിവ 2024 നെ ഇതുവരെ രേഖപ്പെടുത്തിയതിൽവച്ച് ഏറ്റവും ചൂടേറിയ വർഷമാക്കി മാറ്റി.
2024 ൽ ആഗോള താപനില വ്യാവസായിക വിപ്ലവത്തിനു മുൻപുള്ള നിലവാരത്തെക്കാൾ നിർണ്ണായകമായ 1.5C പരിധി കവിഞ്ഞതായി ലോക കാലാവസ്ഥാ സംഘടന (WMO) സ്ഥിരീകരിച്ചു. എന്നാൽ WMO യുടെ ആഗോള കാലാവസ്ഥാ റിപ്പോർട്ടിലെ പുതിയ വിശദാംശങ്ങൾ കാണിക്കുന്നത്, ഈ ചൂട് ഗ്രഹത്തെ എങ്ങനെ പുനർനിർമ്മിച്ചുവെന്നും സമുദ്രങ്ങൾക്കും പർവതങ്ങൾക്കുമെല്ലാം സ്ഥിരമായ നാശനഷ്ടങ്ങൾ വരുത്തിവച്ചെന്നും ദശലക്ഷക്കണക്കിന് ആളുകളെ അവരുടെ വീടുകളിൽനിന്ന് മാറ്റിപ്പാർപ്പിച്ചെന്നുമാണ്. നമ്മുടെ കാലാവസ്ഥാ റിപ്പോർട്ട് വളരെ മോശമായി കാണുന്നത് ഭയാനകമാണെന്നാണ് പല ശാസ്ത്രജ്ഞരും പറയുന്നത്.
ഈ വർഷത്തെ കടുത്ത ചൂട്, ഗ്രഹം അപകടകരമായ പ്രദേശത്തേക്കു നീങ്ങുന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. യു ടി എ സി യിലെ ഫ്യൂച്ചർ എമർജൻസി റെസിലിയൻസ് നെറ്റ്‌വർക്കിന്റെ ഡയറക്ടർ ഡോ. പോൾ റീഡ് പറയുന്നതനുസരിച്ച്, “നിങ്ങളുടെ അഞ്ചുവയസ്സുള്ള കുട്ടി ഇപ്പോൾ ഏഴുമടങ്ങ് കൂടുതൽ ഉഷ്ണതരംഗങ്ങൾ, വെള്ളപ്പൊക്കം, വരൾച്ച, വിളനാശം എന്നിവയുടെ ഭീഷണി ഭാവിയിൽ നേരിടുന്നുണ്ട് എന്നാണ്. ഇവയെല്ലാം മൂന്നിരട്ടിയാകുകയും കാട്ടുതീ ഇരട്ടിയാക്കുകയും ചെയ്യുന്ന ഒരു ഭാവിയെ അഭിമുഖീകരിക്കേണ്ടിയും വരും” എന്ന് അദ്ദേഹം പറഞ്ഞു.
അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡ് 420 പാർട്സ് പെർ മില്യണിൽ എത്തിയെന്നും, കുറഞ്ഞത് എട്ടുലക്ഷം വർഷങ്ങളിലെ ഏറ്റവും ഉയർന്ന നിലയാണെന്നും പറയുന്നു. ഇത് മന്ദഗതിയിലാകുന്നതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നും റിപ്പോർട്ട് കാണിക്കുന്നു. വർധിച്ചുവരുന്ന ഈ സാന്ദ്രത ആഗോളതാപനം, സമുദ്രനിരപ്പ് വർധനവ്, സമുദ്ര അമ്ലീകരണം എന്നിവയ്ക്കു കാരണമാകുന്നു. കൂടാതെ, ആഗോളതലത്തിൽ സമുദ്ര ആവാസവ്യവസ്ഥയെയും മത്സ്യബന്ധനത്തെയും ഭീഷണിപ്പെടുത്തുന്നു. മുന്നോട്ടുള്ള ഭാവിയെ ഏറെ ഭീതിപ്പെടുത്തുന്നതാണ് പല റിപ്പോർട്ടുകളും.