Tuesday, November 26, 2024

ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് ഇസ്രായേലിൽ അകപ്പെട്ട് കൊളംബിയൻ തീർഥാടകസംഘം

പെട്ടെന്നുണ്ടായ ഹമാസ് തീവ്രവാദികളുടെ ആക്രമണത്തിലും തുടർന്നുണ്ടായ യുദ്ധത്തിലും ഇസ്രായേലിൽ അകപ്പെട്ട് കൊളംബിയൻ പുരോഹിതനും നൂറോളംവരുന്ന കൊളംബിയൻ തീർഥാടകസംഘവും. വിശുദ്ധ ഭൂമിയിൽ തീർഥാടനത്തിനെത്തിയ ‘ഫാ. ചുച്ചോ’ എന്നറിയപ്പെടുന്ന ഫാ. ജീസസ് ഹെർണൻ ഒർജുവേലയും മറ്റുരാജ്യങ്ങളിൽ നിന്നെത്തിയ കൊളംബിയൻ വിശ്വാസികളുമാണ്, ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് ഇസ്രായേലിൽ അകപ്പെട്ടത്.

“ഞങ്ങൾ മെഡിറ്ററേനിയൻവഴി ഇസ്രായേലിലേക്ക് കയറാൻ പോകുകയായിരുന്നു. പിന്നെ ഞങ്ങൾ കണ്ടത് വിമാനങ്ങളാണ്. സൈന്യത്തിന്റെ കർശനനിയന്ത്രണം ഞങ്ങൾക്ക് സാധാരണമായി തോന്നിയില്ല. ഇത് ഇപ്പോൾ സംഭവിച്ചതാണെന്നും തീവ്രവാദപ്രവർത്തനങ്ങളാണ് അരങ്ങേറുന്നതെന്നും അവർ ഞങ്ങളോടു പറഞ്ഞു” – ഫാ. ഒർജുവേല പങ്കുവച്ചു. ആദ്യസമയങ്ങളിൽ ഇസ്രായേൽ പൗരന്മാർക്കുമാത്രമായിരുന്നു അതിർത്തികടക്കാൻ അധികാരികൾ അനുവാദം നൽകിയിരുന്നത്. പിന്നീട് വിദേശികൾക്കും ഇതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

ഇക്വഡോർ, നിക്കരാഗ്വ, എൽ സാൽവഡോർ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളിൽ നിന്നുള്ള 85 കൊളംബിയക്കാരും കൂടാതെ, മറ്റൊരുകൂട്ടം മെക്‌സിക്കോക്കാരുമടങ്ങിയ തീർഥാടകസംഘവുമായി താൻ ഇപ്പോൾ ഇസ്രായേലിന്റെ വടക്കുഭാഗത്തുള്ള നസ്രത്തിലാണെന്ന് ഫാ. ഒർജുവേല റിപ്പോർട്ട് ചെയ്തു.

Latest News