Wednesday, January 29, 2025

ലോകത്ത് ക്ഷയരോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ വൻവർധന

ലോകത്ത് ക്ഷയരോഗം ബാധിച്ചവരുടെ എണ്ണം വർധിച്ചതായി ലോകാരോഗ്യ സംഘടന. കഴിഞ്ഞ വർഷം 80 ലക്ഷം ആളുകളിലാണ് ക്ഷയരോഗം സ്ഥിരീകരിച്ചത്. 1995 ൽ ലോകാരോഗ്യ സംഘടന ആഗോളനിരീക്ഷണം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണ് ഇത്.

2022 ൽ 70 ലക്ഷത്തിലധികം ആളുകളെയാണ് ക്ഷയം ബാധിച്ചത്. ഇതിൽനിന്ന് ഗണ്യമായ വർധനവാണ് കഴിഞ്ഞ വർഷം ഉണ്ടായത്. തെക്കുകിഴക്കൻ ഏഷ്യ, ആഫ്രിക്ക, പടിഞ്ഞാറൻ പസഫിക് എന്നിവിടങ്ങളിലെ ആളുകളിലാണ് ഈ രോഗം കൂടുതൽ സ്ഥിരീകരിച്ചത്. ഇന്തോനേഷ്യ, ചൈന, ഫിലിപ്പീൻസ്, പാക്കിസ്ഥാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് ലോകത്തെ പകുതിയിലധികം കേസുകൾ കണ്ടെത്താൻ ലോകാരോഗ്യ സംഘടനയ്ക്കു കഴിഞ്ഞത്. കഴിഞ്ഞ വർഷം ഒന്നേകാൽ ലക്ഷം പേരാണ് ക്ഷയരോഗം ബാധിച്ചു മരിച്ചതെന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയിൽ കഴിഞ്ഞ വർഷം ഏകദേശം 25 ലക്ഷത്തോളം പുതിയ ടി. ബി. കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1960 കളിൽ ടി. ബി. നിയന്ത്രണ പരിപാടി ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. “രോഗം കണ്ടെത്താനും തടയാനും ചികിൽസിക്കാനുമുള്ള സൗകര്യങ്ങൾ നമ്മുടെ പക്കൽ ഉള്ളപ്പോൾത്തന്നെ ടി. ബി. ഇപ്പോഴും നിരവധി ആളുകളെ കൊല്ലുകയും രോഗിയാക്കുകയും ചെയ്യുന്നു എന്നത് ആശങ്കാജനകമാണ്” – ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പ്രസ്താവനയിൽ പറഞ്ഞു.

Latest News