കൗമാരക്കാരനായ തന്റെ മകനെ ആത്മഹത്യ ചെയ്യാൻ പ്രോത്സാഹിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടിന്റെ നിർമാതാവിനെതിരെ കേസ് കൊടുത്ത് അമേരിക്കക്കാരിയായ അമ്മ. ഫ്ലോറിഡയിൽ ഫയൽ ചെയ്ത കേസിലാണ് സെവെൽ സെറ്റ്സർ എന്ന് പേരുള്ള 14 വയസ്സുള്ള തന്റെ മകൻ ഒരു എ. ഐ. ചാറ്റ്ബോട്ടുമായി വെർച്വൽ ബന്ധം സ്ഥാപിച്ചെന്നും കഴിഞ്ഞ ഫെബ്രുവരിയിൽ ആത്മഹത്യ ചെയ്ത മകന്റെ മരണത്തിൽ എ. ഐ. ക്യാരക്ടർ, പങ്കാളിയാണെന്നും ആരോപിച്ച് അമ്മ മേഗൻ ഗാർഷ്യ പരാതി നൽകിയത്. ഗെയിം ഓഫ് ത്രോൺസ് എന്ന വെബ്സീരീസിലെ ഡെനേറിസ് ടാർഗേറിയൻ എന്ന കഥാപാത്രമായിട്ടായിരുന്നു യുവാവ് എ. ഐ. യുമായി ചാറ്റ് ചെയ്തിരുന്നത്.
എ. ഐ. യുടെ ചാറ്റ്ബോട്ട് കൗമാരക്കാരനെ ‘ഹൈപ്പർസെക്ഷ്വലൈസ്ഡ്’ (അമിതമായ ലൈംഗികതാല്പര്യം), ‘ഭയപ്പെടുത്തുന്ന യഥാർഥ അനുഭവങ്ങൾ’ എന്നിവ ഉപയോഗിച്ച് ലക്ഷ്യം വയ്ക്കുകയും ആത്മഹത്യാചിന്തകൾ പ്രകടിപ്പിച്ചപ്പോൾ കൂടുതലായി ആത്മഹത്യാവിഷയം ആവർത്തിച്ച് ഉന്നയിച്ച് യുവാവിനെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുകയും ചെയ്തു. കൗമാരക്കാരന്റെ ആത്മഹത്യാചിന്തയെ പ്രോത്സാഹിപ്പിച്ച ചാറ്റ്ബോട്ട്, ലൈംഗികസംഭാഷണങ്ങളിൽ ഏർപ്പെട്ടതായും പരാതിയിൽ ആരോപിക്കുന്നു.
മരണത്തിനുമുമ്പ് എ. ഐ. മായുള്ള അവസാന സംഭാഷണത്തിൽ, തനിക്ക് ചാറ്റ്ബോട്ടിനെ ഇഷ്ടമാണെന്നും നിങ്ങളുടെ വീട്ടിലേക്ക് വരണമെന്നും സെറ്റ്സർ പറഞ്ഞതായി പരാതിയിൽ പറയുന്നു.
അസാധാരണ മരണം, അശ്രദ്ധ, മനഃപൂർവം സൃഷ്ടിച്ച വൈകാരികമായ മനോവിഷമം തുടങ്ങിയ കാരണങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഗാർഷ്യയുടെ കേസ്.