സംസ്ഥാനത്ത് ഐ.എ.എസ് തലത്തില്‍ വന്‍ അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍. ഉദ്ഘാടനത്തിന് രണ്ടുദിവസംമാത്രം ശേഷിക്കെ വിഴിഞ്ഞം തുറമുഖ എം.ഡി അദീല അബ്ദുള്ളയെ മാറ്റി പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ക്ക് പോര്‍ട്ടിന്റെ ചുമതല നല്‍കി. സോളിഡ് വേസ്റ്റ് മാനേജ്മെൻറ് പ്രൊജക്റ്റ് ഡയറക്ടറുടെ ചുമതലയും ദിവ്യ എസ്. അയ്യര്‍ക്കാണ്.
പത്തനംതിട്ട കളക്ടര്‍ക്കു പുറമെ ആലപ്പുഴ, കൊല്ലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കളക്‌ടർമാർക്കും സ്ഥലംമാറ്റമുണ്ട്. ആലപ്പുഴ ജില്ലാകളക്ടറായിരുന്ന ഹരിത വി. കുമാറിനെ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഭൂജലവകുപ്പ് ഡയറക്ടർ ജോൺ വി. സാമുവേലാണ് പുതിയ ആലപ്പുഴ കളക്ടര്‍. സാമൂഹികസുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന എ. ഷിബു പത്തനംതിട്ട ജില്ലാകളക്ടറാകും.
വിഴിഞ്ഞം തുറമുഖത്തേക്ക് കപ്പലെത്തുന്നതിനു തൊട്ടുമുൻപാണ് എം.ഡിയെ മാറ്റുന്നത്. അദീല അബ്‌ദുല്ലയ്ക്കു പകരമാണ് നിയമനം. കൂടുതൽ വകുപ്പുകളുടെ ആധിക്യംകൊണ്ടാണ് അദീലയെ ചുമതലയിൽനിന്ന് മാറ്റുന്നതെന്നും സര്‍ക്കാര്‍ വിശദീകരണമുണ്ട്.