Tuesday, December 3, 2024

ഒരു വര്‍ഷത്തിലേറെയായി കോവിഡിന്റെ പിടിയില്‍ തുടരുന്ന അമ്പത്താറുകാരന്‍! പരിശോധന നടത്തിയത് 78 തവണ

പതിനാല് മാസമായി കോവിഡിന്റെ പിടിയിലാണ് 56 കാരനായ തുര്‍ക്കി സ്വദേശി മുസാഫര്‍ കായസനെ. 14 മാസത്തിനിടെ 78 തവണയാണ് ഇയാള്‍ക്ക് കോവിഡ് പോസിറ്റീവാണെന്ന് പരിശോധനാ ഫലത്തില്‍ തെളിഞ്ഞത്. 2020 നവംബറിലാണ് ആദ്യമായി ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. പിന്നീട് 78 തവണ നടത്തിയ പരിശോധനയിലും പോസിറ്റീവ് തന്നെ. ശരീരഭാരം 50 കിലോയില്‍ താഴെയെത്തിയതൊഴിച്ചാല്‍ ഇയാള്‍ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും നിലവില്‍ ഇല്ല. നെഗറ്റീവാകാതെ വാക്‌സിന്‍ സ്വീകരിക്കാനും കഴിയാത്തതിനാല്‍ പ്രതിസന്ധിയിലാണിയാള്‍.

മുസാഫര്‍ അധികകാലം ഇനി ജീവിക്കില്ലെന്നായിരുന്നു ആദ്യം കോവിഡ് സ്ഥിരീകരിച്ച സമയത്ത് ഡോക്ടര്‍മാര്‍ പറഞ്ഞത്. രോഗം സ്ഥിരീകരിച്ചതിനുശേഷം ഒമ്പത് മാസത്തോളം ആശുപത്രിയിലും അഞ്ച് മാസം ഇസ്താംബൂളിലെ വീട്ടിലുമാണ് ഇദ്ദേഹം കഴിഞ്ഞത്. കൊറോണ സ്ഥിരീകരിച്ച അന്നുമുതല്‍ എല്ലാ മാസവും ഇദ്ദേഹം ആശുപത്രിയിലെത്തി പരിശോധന നടത്തും. തുര്‍ക്കി ഗവണ്‍മെന്റിന്റെ വാക്സിന്‍ നയപ്രകാരം രോഗം ഭേദമായി മൂന്ന് മാസം പിന്നിടാതെ വാക്‌സിന്‍ നല്‍കില്ല. ഇക്കാരണത്താല്‍ ഇദ്ദേഹത്തിന് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാനും കഴിയുന്നില്ല.

തുടര്‍ച്ചയായി രോഗം വരുന്നതിനാല്‍ ഭാര്യയും മകനുമായും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാനും ഇദ്ദേഹത്തിന് സാധിക്കുന്നില്ല. അസ്വസ്ഥതകള്‍ മാറിയെങ്കിലും കൊറോണ വൈറസിന് തന്റെ ശരീരത്തില്‍ നിന്ന് വിട്ടു പോകാനാകില്ലെന്ന് മുസാഫര്‍ പറയുന്നു. ഭാര്യയേയും മകനേയും ഒന്നു തൊടാന്‍ പോലും കഴിയാത്തത് ഏറെ വേദനാജനകമാണെന്നും മുസാഫര്‍ പറയുന്നു. തുര്‍ക്കിയില്‍ ഏറ്റവും കൂടുതല്‍ കാലം കൊറോണ സ്ഥിരീകരിച്ച വ്യക്തി മുസാഫര്‍ ആണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ലോകത്തില്‍ തന്നെ ഇത്തരം മറ്റൊരു കേസ് ഉണ്ടാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest News