Thursday, November 21, 2024

പോളിയോ കേസുകൾ വർധിക്കുന്നു: പാക്കിസ്ഥാനിൽ പത്തു ലക്ഷത്തോളം കുട്ടികൾക്ക് വാക്സിൻ കിട്ടിയില്ല

പാക്കിസ്ഥാനിൽ പോളിയോ വീണ്ടും പടരുന്നു. സെപ്റ്റംബർ മാസം ഒരു ദശലക്ഷത്തിലധികം കുട്ടികൾക്ക് വാക്സിനേഷൻ ഡോസ് നഷ്ടമായതായി ഔദ്യോഗികവൃത്തങ്ങൾ വെളിപ്പെടുത്തി.

രാജ്യത്ത് ഒക്ടോബറിൽ മാത്രം ഒരു ഡസനിലധികം പുതിയ പോളിയോ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷം മൊത്തം അണുബാധകളുടെ എണ്ണം 39 ആയി. വെറും ആറ് കേസുകൾ റിപ്പോർട്ട് ചെയ്ത 2023 ൽ പാക്കിസ്ഥാൻ, പോളിയോ വൈറസ് പൂർണ്ണമായും ഇല്ലാതാക്കുന്നതിന്റെ വക്കിലാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതോടെ ലോകത്തിലെ ഏറ്റവും ഭേദപ്പെടുത്താനാവാത്ത രോഗങ്ങളിലൊന്നാണ് രാജ്യത്ത് വീണ്ടും പിടിമുറുക്കുന്നത്.

വാക്സിൻ എടുക്കുന്നത് കുറഞ്ഞതിനാലാണ് സമീപകാലത്ത് പോളിയോ കേസുകൾ  വർധിക്കുന്നതെന്ന് പോളിയോ നിർമ്മാർജനവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതിനിധി ആയിഷ റാസ കുറ്റപ്പെടുത്തി. സെപ്റ്റംബറിൽ ഏകദേശം ഒരു ദശലക്ഷം കുട്ടികൾക്ക് പോളിയോ വാക്സിനേഷൻ നഷ്ടമായെന്ന് ആയിഷ വെളിപ്പെടുത്തി.

പ്രധാനമായും 5 വയസ്സിനു താഴെയുള്ള കുട്ടികളെ ബാധിക്കുന്ന പോളിയോ ഒരു  സാംക്രമിക വൈറൽ രോഗമാണ്. ഇത് നാഡീവ്യവസ്ഥയെ ആക്രമിക്കുകയും പക്ഷാഘാതം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, മരണം എന്നിവയ്ക്കു കാരണമാവുകയും ചെയ്യും. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച്, പോളിയോ സ്ഥിരമായി കണ്ടുവരുന്ന രണ്ട് രാജ്യങ്ങൾ പാക്കിസ്ഥാനും അയൽരാജ്യമായ അഫ്ഗാനിസ്ഥാനും മാത്രമാണ്.

Latest News