ബംഗ്ലാദേശില്‍ ഷേഖ് ഹസീന ഭരണകൂടത്തിനെതിരേ നടന്ന പ്രക്ഷോഭത്തിനിടെ ന്യൂനപക്ഷ ഹിന്ദുക്കള്‍ ആക്രമിക്കപ്പെട്ടതില്‍ വന്‍ പ്രതിഷേധം. തലസ്ഥാനമായ ധാക്കയിലും രണ്ടാമത്തെ വലിയ നഗരമായ ചിറ്റഗോംഗിലും ശനിയാഴ്ച നടന്ന റാലികളില്‍ ലക്ഷക്കണക്കിനു പേര്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.
ശനിയാഴ്ച ചിറ്റഗോംഗിലെ ചിരാഗി പഹാര്‍ ചത്വരത്തില്‍ നടന്ന റാലിയില്‍ ഏഴു ലക്ഷത്തോളം ഹൈന്ദവര്‍ പങ്കെടുത്തുവെന്നാണു റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ധാക്കയിലെ ഷാബാഗില്‍ റാലി മൂലം മണിക്കൂറുകള്‍ ഗതാഗതം നിലച്ചു. ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ ന്യൂനപക്ഷങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള മുസ്ലിംകളും റാലിയില്‍ പങ്കെടുത്തു.
ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നവരെ അതിവേഗം വിചാരണ ചെയ്യാനായി പ്രത്യേക ട്രൈബ്യൂണലുകള്‍ സ്ഥാപിക്കുക, പാര്‍ലമെന്റ് സീറ്റിന്റെ പത്തു ശതമാനം ന്യൂനപക്ഷത്തിനു സംവരണം ചെയ്യുക, ന്യൂനപക്ഷ സംരക്ഷണ നിയമം നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ റാലിക്കാര്‍ ഉന്നയിച്ചു. അമേരിക്കയിലും യുകെയിലും സമാന റാലികള്‍ അരങ്ങേറി.
ഹസീന രാജിവച്ചതു മുതല്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ട 205 സംഭവങ്ങളുണ്ടായി. ബംഗ്ലാദേശിലെ 64 ജില്ലകളില്‍ 52ലും ന്യൂനപക്ഷങ്ങള്‍ അക്രമം നേരിട്ടു. ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടി നേതാക്കളായ രണ്ടു ഹൈന്ദവര്‍ കൊല്ലപ്പെടുകയും നൂറു കണക്കിനു ഹൈന്ദവര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ആയിരക്കണക്കിനു ഹൈന്ദവര്‍ ഇന്ത്യയിലേക്കു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായും ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.