Wednesday, January 29, 2025

“എനിക്കിപ്പോൾ പ്രതീക്ഷയുണ്ട്”: ഹമാസ് തടവിലാക്കിയ തായ്‌ലൻഡുകാരന്റെ മോചനത്തിനായി കാത്തിരിക്കുന്ന ഒരമ്മ

ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ ലോകത്തിനു മുഴുവൻ പ്രതീക്ഷ നൽകിയപ്പോൾ അതിലേറെ പ്രതീക്ഷയോടെ തന്റെ മകനെ കാത്തിരിക്കുന്ന ഒരമ്മയ്ക്ക് ലഭിക്കുന്നത് ജീവിതത്തോളം വലിയ പ്രതീക്ഷയാണ്. 2023 ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രായേലിൽ ജോലിചെയ്തിരുന്ന ഫാമുകളിൽനിന്ന് തട്ടിക്കൊണ്ടുപോയ ഡസൻകണക്കിന് തായ് തൊഴിലാളികളിൽ ഒരാളാണ് വിവാവോ ശ്രിയൗണിന്റെ മകൻ വാച്ചാറ. ആ ആറുപേർ ഇപ്പോഴും ഗാസയിൽ ഹമാസിന്റെ തടവിലാണ്.

ദീർഘകാലമായി കാത്തിരുന്ന വെടിനിർത്തലിന്റെയും ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയും ആദ്യഘട്ടത്തിൽ നാല് ഇസ്രായേലി ബന്ദികളെ വിട്ടയച്ചു. ഇത് ആറാഴ്ചത്തേക്ക് നീണ്ടുനിൽക്കുമെന്നാണ് കരാറിൽ ഉള്ളത്. ആദ്യ ഘട്ടത്തിൽ 30 ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാനുണ്ട്. എന്നാൽ ഇതിൽ വിദേശബന്ദികൾ ഉൾപ്പെടുന്നില്ല.

മൂന്ന് ഇസ്രായേലികളുടെ മോചനം കണ്ടതിൽ സന്തോഷമുണ്ടെന്നും എല്ലാ തായ്‌ലൻഡുകാരും മോചിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാവോ പറഞ്ഞു. “അവർക്കും നാട്ടിലേക്ക് മടങ്ങാനുള്ള അവസരം നൽകുക. എല്ലാ തായ് ബന്ദികളെയും കുറിച്ച് ഞാൻ ആശങ്കാകുലയാണ്. അവർ വീട്ടിലേക്ക് മടങ്ങില്ലേ എന്ന് ഞാൻ ആശങ്കപ്പെടുന്നു” – അവർ പറഞ്ഞു.

വാച്ചറയുടെ ഒമ്പതുവയസ്സുള്ള മകൾ ഇറാഡയ്‌ക്കൊപ്പം വടക്കുകിഴക്കൻ തായ്‌ലൻഡിലെ ഗ്രാമമായ ഉഡോൺ താനിയിലാണ് വിവാവോ താമസിക്കുന്നത്. ബന്ദികളെ വിട്ടയച്ചതിന്റെ റിപ്പോർട്ടുകൾ അവർ കണ്ടിരുന്നു. പ്രതീക്ഷ നൽകുന്ന വാർത്തകൾ കണ്ടതിൽ വാച്ചറായുടെ മകൾ ഐറാഡയും അവളുടെ സ്കൂളിലെ എല്ലാവരും സന്തുഷ്ടരാണെന്ന് അവർ പറഞ്ഞു.

“ഇപ്പോൾ അവൾ തന്റെ പിതാവ് മടങ്ങിവരുന്നതിനായി കാത്തിരിക്കുകയാണ്” – വിവാവോ കൂട്ടിച്ചേർത്തു.

വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തിൽ വിദേശബന്ദികളെ മോചിപ്പിക്കും. ഈ സമയത്ത് ഇസ്രായേൽ ഗാസയിൽനിന്ന് പൂർണ്ണമായും പിന്മാറും എന്നാണ് നിലവിൽ കരാറിൽ പറഞ്ഞിരിക്കുന്നത്. രണ്ടാം ഘട്ടം എങ്ങനെ മുന്നോട്ടുപോകുമെന്നതിൽ വലിയ ചോദ്യങ്ങളുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ ചർച്ചകൾ ആരംഭിക്കും.

മൂന്നു വർഷം മുമ്പ് 31 വയസ്സുള്ള വാച്ചാറ, തന്റെ ഇളയ സഹോദരനോടൊപ്പം ഇസ്രായേലിൽ ജോലിക്കു പോയി. കുടുംബത്തിലെ കടങ്ങളും പ്രാരാബ്ധങ്ങളും പരിഹരിക്കാനാണ് അവർ ഇസ്രായേലിലേക്ക് ജോലിക്കായി പോയത്. തായ് കുടിയേറ്റ തൊഴിലാളികളുടെ ഒരു ജനപ്രിയ സ്ഥലമാണ് ഇസ്രായേൽ. യുദ്ധത്തിനുമുമ്പ് ഏകദേശം 30,000 തായ് പൗരന്മാർ ഇസ്രായേലിൽ ജോലിചെയ്തിരുന്നു. ഇത് കൂടുതലും രാജ്യത്തിന്റെ കാർഷികമേഖലയെ പ്രോത്സാഹിപ്പിച്ചു. ഒക്‌ടോബർ ഏഴിലെ ആക്രമണത്തിനുശേഷം മരിച്ചവരും കാണാതായവരുമായ വിദേശികളുടെ ഏറ്റവും വലിയ സംഘമാണ് ഇവരുടേതെന്ന് ഇസ്രായേൽ സർക്കാർ പറഞ്ഞു.

തായ് സർക്കാർ പറയുന്നതനുസരിച്ച്, ഇസ്രായേലിലോ ഗാസയിലോ 46 തായ് പൗരന്മാർ കൊല്ലപ്പെട്ടു. ആറുപേർ ഇപ്പോഴും ഹമാസിന്റെ പിടിയിലാണ്. ഹമാസുമായി ബന്ധമുള്ള അയൽരാജ്യമായ മലേഷ്യ, ഖത്തർ, ഇസ്രായേൽ, ഈജിപ്ത്, ഇറാൻ, ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റി എന്നിവയുമായി ബന്ധപ്പെട്ട നയതന്ത്രശ്രമങ്ങൾക്കുശേഷം ബന്ദികളാക്കിയ 23 തായ്‌ലുകളെ 2023 ൽ മോചിപ്പിച്ചിരുന്നു.

തിങ്കളാഴ്ച ഒരു പ്രസ്താവനയിൽ, തായ്‌ലൻഡ് വിദേശകാര്യ മന്ത്രാലയം വെടിനിർത്തലിനെയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്യുന്നതിനെ സ്വാഗതം ചെയ്യുകയും തായ് പൗരന്മാർ ഉൾപ്പെടെ ശേഷിക്കുന്ന എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

തന്റെ മകന്റെ സുരക്ഷിതമായ തിരിച്ചുവരവിനായി വിവാവോ എല്ലാ ദിവസവും പ്രാർഥിക്കുന്നു. “അവർ അവിടെ എങ്ങനെ ജീവിക്കുന്നു എന്നതിനെക്കുറിച്ച് ഞാൻ ആശങ്കപ്പെടുന്നു. അവിടെ കാര്യങ്ങൾ എങ്ങനെയാണെന്നും അവയുടെ അവസ്ഥ എന്താണെന്നും കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവർ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും ഞങ്ങൾക്ക് അറിയില്ല” – അവർ പറഞ്ഞു.

എന്നാൽ ഞായറാഴ്ച ബന്ദികളെ വിട്ടയച്ചതോടെ അവൾ പറഞ്ഞു: “ഇപ്പോൾ എനിക്ക്  കൂടുതൽ പ്രതീക്ഷയുണ്ട്.”

LEAVE A REPLY

Please enter your comment!
Please enter your name here

Latest News