Monday, November 25, 2024

മകൻ പറത്തുന്ന വിമാനത്തിൽ യാത്ര ചെയ്ത അമ്മ; ഇത് ഒരു അമ്മയുടെയും മകന്റെയും സ്വപ്നസഞ്ചാരം

“നീ ഒരു പൈലറ്റായാൽ എന്നെ അതിൽ കയറ്റി മക്കയിലേക്ക് കൊണ്ടുപോകണം” – ഒരു അമ്മ തന്റെ മകനോട് പറഞ്ഞ വാക്കുകളാണിത്. ദൂരെ, ആകാശത്തിലൂടെ പൊങ്ങിപ്പറന്ന വിമാനങ്ങളെ നോക്കി സ്വപ്നം കണ്ടിരുന്ന ഒരു അമ്മയും മകനും. മകന്റെ സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുന്നത് മനസിലാക്കിയ ആ അമ്മ അവന്റെ പിന്നിൽ ശക്തമായി നിലയുറപ്പിച്ചു; അവന്റെ സ്വപ്നങ്ങൾക്കായി. അവർ ഇന്ന് തങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കിയ സന്തോഷത്തിലാണ്. അമീർ റാഷിദ് എന്ന യുവാവാണ് തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് ഒപ്പം നിന്ന അമ്മയുമായി സ്വപ്ന പറക്കൽ നടത്തിയത്.

അമീർ റാഷിദ് വാനി, പൈലറ്റിന്റെ വേഷമണിഞ്ഞ തന്റെ ചിത്രവും കുട്ടിയായിരിക്കുമ്പോൾ അമ്മ എഴുതിയ കുറിപ്പിന്റെ ചിത്രവും പങ്കുവച്ചുകൊണ്ടാണ് ഈ സന്തോഷം അറിയിച്ചിരിക്കുന്നത്. അമ്മയുമായി നടത്തിയ ആ മക്ക യാത്രയിൽ ഏറ്റവും അഭിമാനത്തോടെയും സന്തോഷത്തോടെയും ആയിരുന്നത് അമീർ ആയിരുന്നു. യാത്രക്കു ശേഷം പോസ്റ്റ് ചെയ്ത കുറിപ്പിൽ ഇപ്രകാരം എഴുതി: “ഈ കാർഡ് സ്കൂളിൽ പഠിക്കുമ്പോൾ എന്റെ അമ്മ എഴുതിയതാണ്. ഒപ്പം നീ ഒരു പൈലറ്റായാൽ എന്നെ അതിൽ മക്കയിലേക്ക് കൊണ്ടു പോകണം എന്നും പറയുമായിരുന്നു. ഇന്ന് എന്റെ അമ്മ വിശുദ്ധ ക-അബയിലേക്കുള്ള യാത്രക്കാരിൽ ഒരാളാണ്. ആ വിമാനത്തിന്റെ പൈലറ്റ് ഞാനാണ്.”

പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഈ ചിത്രം വൈറലായി മാറിയിരിക്കുകയാണ്. നിരവധിപ്പേരാണ് പോസ്റ്റിന് ലൈക്കും കമന്റും റീട്വീറ്റും ഒക്കെയായി എത്തിയത്. എല്ലാവരും ഈ അമ്മയെയും മകനെയും അഭിനന്ദനങ്ങളാൽ മൂടുകയാണ്.

Latest News