Monday, January 27, 2025

ഓസ്റ്റിൻ ടൈസ് എന്ന സിറിയൻ പത്രപ്രവർത്തകനുവേണ്ടി 12 വർഷമായി കാത്തിരിക്കുന്ന ഒരമ്മയുടെ അന്വേഷണയുദ്ധം

2012 ൽ, അന്ന് 31 വയസ്സുണ്ടായിരുന്ന ഓസ്റ്റിൻ ടൈസ് എന്ന യുവാവ് ബന്ദിയാക്കപ്പെടുമ്പോൾ അദ്ദേഹം സിറിയൻ ആഭ്യന്തരയുദ്ധത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഇസ്‌ലാമിക പ്രാർഥന ചൊല്ലാൻ നിർബന്ധിച്ചവരുടെ നേതൃത്വത്തിൽ കണ്ണ് മൂടിക്കെട്ടിയ നിലയിലായിരുന്നു അദ്ദേഹത്തിന്റെ അവസാനദൃശ്യങ്ങൾ. ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞിട്ടും തന്റെ മകന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ഓസ്റ്റിന്റെ അമ്മയുണ്ട്. പക്ഷേ, മകനായ ഓസ്റ്റിനെ അന്വേഷിക്കാൻ സിറിയയിൽ പ്രവേശിക്കുന്നതിൽനിന്ന് അസദ് ഭരണകൂടം അമേരിക്കക്കാരിയായ ഡെബ്രാ ടൈസിനെ തടഞ്ഞു. എന്നാൽ, അസദിന്റെ പതനം അവർക്കിപ്പോൾ കൂടുതൽ പ്രതീക്ഷ നൽകുകയാണ്.

ഡിസംബറിന്റെ തുടക്കത്തിൽ ഡെബ്ര ടൈസിന് യു. എസിലും ഓസ്‌ട്രേലിയയിലും വ്യാപിച്ചുകിടക്കുന്ന തന്റെ കുടുംബത്തെ ഒരുമിച്ചുകൂട്ടാൻ കഴിഞ്ഞു. എന്നാൽ ഈ കുടുംബസംഗമം ആസൂത്രണം ചെയ്തപ്പോൾ, 53 വർഷത്തെ ഭരണം അട്ടിമറിച്ച 11 ദിവസത്തെ വിമത ആക്രമണത്തിനുശേഷം അസദ് ഭരണകൂടം വീഴുന്നത് കാണാൻ അവരെല്ലാം ഒരുമിച്ചുണ്ടാകുമെന്ന് ടൈസ് കുടുംബത്തിന് അറിയില്ലായിരുന്നു.

ഡമാസ്‌കസിലെ ഒരു ഹോട്ടൽ മുറിയിലിരുന്ന് ഡെബ്ര പറഞ്ഞു: “ഞങ്ങൾ അങ്ങനെ ഒരുമിച്ചിരിക്കുന്നത് അതിശയകരമായിരുന്നു. ഞങ്ങളെഎല്ലാവരും ഒരുമിച്ചു കാണുന്നത് വളരെ വിരളമായിരുന്നു. പക്ഷേ, ഈ കുടുംബസംഗമത്തിൽ പങ്കെടുക്കാത്തത് ഒരേയൊരാൾ മാത്രമായിരുന്നു. 2012 ൽ സിറിയൻ ആഭ്യന്തരയുദ്ധം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഡമാസ്‌കസിനു പുറത്തുള്ള പ്രാന്തപ്രദേശത്ത് 31-ാം വയസ്സിൽ തട്ടിക്കൊണ്ടുപോകപ്പെട്ട പത്രപ്രവർത്തകനായ എന്റെ മകൻ ഓസ്റ്റിൻ ടൈസ്.”

ഏകദേശം പത്തു വർഷങ്ങൾക്കുശേഷം ശനിയാഴ്ച ഡെബ്ര ഡമാസ്കസിലേക്കു മടങ്ങി. തുടക്കത്തിൽ സഹകരിച്ചെങ്കിലും, സർക്കാർതന്നെ കൈവശം വച്ചിരുന്നതായി കരുതപ്പെടുന്ന മകനെ തിരഞ്ഞതിനാൽ 2015 ൽ അസദ് ഭരണകൂടം അവളുടെ വിസ നൽകുന്നത് നിർത്തി. 12 വർഷത്തെ തടവ് പിന്നിടുമ്പോൾ ഓസ്റ്റിന് ഇപ്പോൾ 43 വയസ്സാണ് പ്രായം.

ടൈസിന്റെ അവസാന ഫൂട്ടേജ് 2012 ൽ പോസ്‌റ്റ് ചെയ്‌തതാണ്. കണ്ണ് മൂടിക്കെട്ടി, ഇസ്‌ലാമിക പ്രാർഥന ചൊല്ലാൻ നിർബന്ധിച്ചപ്പോൾ, “ഓ യേശുവേ, ഓ യേശു. ദൈവം” എന്നായിരുന്നു ഓസ്റ്റിൻ പറഞ്ഞത്.

ടൈസിനെ സർക്കാർ തട്ടിക്കൊണ്ടുപോയതല്ലാതെ ഇസ്ലാമിസ്റ്റ് വിമതർ തട്ടിക്കൊണ്ടുപോയതാണെന്ന് വരുത്തിത്തീർക്കാൻ വേണ്ടിയാണോ വീഡിയോ അരങ്ങേറിയതെന്ന കാര്യത്തിൽ സംശയമുണ്ട്. സിറിയയെക്കാൾ അഫ്ഗാനിസ്ഥാനിൽനിന്നുള്ള വസ്ത്രങ്ങളാണ് വീഡിയോയിലുള്ളതെന്ന് വിദഗ്ദ്ധർ പറഞ്ഞു.

അസദ് ഭരണം ഇല്ലാതായതോടെ ടൈസിനായി തിരച്ചിൽ പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലാണ് ആ അമ്മ. ഹോസ്‌റ്റേജ് എയ്ഡ് വേൾഡ്‌വൈഡിന്റെ (എച്ച്. എ. ഡബ്ല്യു.) തലവനും ഇറാനിലെ മുൻ ബന്ദിയുമായിരുന്ന നിസാർ സക്ക, ഭരണകൂടത്തിന്റെ പതനത്തിന് ഏതാനും ദിവസങ്ങൾക്കുശേഷം സിറിയയിൽ പ്രവേശിച്ച് മാധ്യമപ്രവർത്തകനെ തിരയാൻ ആരംഭിച്ചിരുന്നു.

അവർ ഒരുമിച്ചു കഴിഞ്ഞ സ്റ്റേറ്റ് സെക്യൂരിറ്റി, മിലിട്ടറി ഇന്റലിജൻസ്, സിറിയൻ എയർഫോഴ്‌സ് ഇന്റലിജൻസ് യൂണിറ്റിന്റെ മുൻ തലവൻ ജമീൽ ഹസന്റെ വീട് എന്നിവിടങ്ങളിൽപോലും അന്വേഷിച്ചു. ടൈസിനെപ്പോലുള്ള ഒരു വി. ഐ. പി. ബന്ദിയാക്കപ്പെട്ടിട്ടുണ്ടാകുമെന്ന് അവർ കരുതുന്നിടത്തെല്ലാം ഡോക്യുമെന്റുകളും ഹാർഡ് ഡ്രൈവുകളും അവന്റെ പേരുള്ള എന്തും അവർ തിരയുന്നു.

“ഒരു മുൻബന്ദിയെന്ന നിലയിൽ, എവിടെയാണ് നോക്കേണ്ടതെന്നും ഉയർന്ന മൂല്യമുള്ള ബന്ദികളെ എവിടെ സൂക്ഷിക്കണമെന്നും എനിക്കറിയാം” – സക്ക പറഞ്ഞു.

ഇതുവരെ, ഓസ്റ്റിൻ ടൈസുമായി ബന്ധപ്പെട്ട രേഖകളൊന്നും ടീമിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സിറിയയ്ക്കു പുറത്ത് സുരക്ഷിതമായ യാത്രയ്‌ക്കായി ടൈസിനെ വിലപേശാനുള്ള ഒരു ‘ചരക്കായി’ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹമെന്ന് ഇവർക്ക് ഉറപ്പുണ്ട്.

മാസങ്ങളോളം, എച്ച്. എ. ഡബ്ലിയൂ സിറിയയ്ക്കുള്ളിൽ ടിവിയിലും റേഡിയോയിലും പരസ്യങ്ങൾ നൽകിയിരുന്നു. ടൈസ് എവിടെയാണെന്ന് എന്തെങ്കിലും വിവരം അറിയാമെങ്കിൽ അവരെ ബന്ധപ്പെടാൻ ആളുകളോട് അഭ്യർഥിച്ചു. എന്നാൽ കസ്റ്റഡിയിലായശേഷം ഒരു പാർട്ടിയും ഒരു തെളിവും ഹാജരാക്കിയിട്ടില്ല.

ടൈസ് ജീവിച്ചിരിപ്പുണ്ടെന്ന് തങ്ങൾ വിശ്വസിക്കുന്നുവെന്നും അത് തങ്ങൾക്ക് ലഭിച്ച വിവിധ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണെന്നും HAW പറയുന്നു. 12 വർഷത്തെ തടവിൽ അദ്ദേഹത്തിനു ലഭിച്ച ചികിത്സകളുടെ രേഖകൾ ലഭ്യമാണ്.

വാഷിംഗ്ടണിലും ഡമാസ്കസിലും പുതിയ നേതൃത്വം വന്നതിനാൽ തങ്ങളുടെ മകനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ന് ടൈസ് കുടുംബം.  “ഇന്ന് ഞങ്ങൾക്ക് ഒരു പുതിയ ദിവസമായിരിക്കും. കാര്യങ്ങൾ മാറാൻപോകുന്നു. ഇത് വീണ്ടും ആരംഭിക്കുന്നതുപോലെയാണ്. ഡിസംബർ എട്ടിനു ശേഷമുള്ള ഒരു പുതിയ തുടക്കമാണിത്” – ഡമാസ്കസിൽ തിങ്കളാഴ്ച ഒരു പത്രസമ്മേളനത്തിൽ ഡെബ്ര ടൈസ് പറഞ്ഞു.

ഓസ്റ്റിനുമായി ബന്ധപ്പെട്ട് ട്രംപ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ ഇതിനകംതന്നെ ബന്ധപ്പെട്ടിരുന്നുവെന്നും കഴിഞ്ഞ ദിവസം തന്റെ കേസ് ചർച്ച ചെയ്യാൻ സിറിയയുടെ യഥാർഥ നേതാവ് അഹമ്മദ് അൽ-ഷാറയെ കണ്ടിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച, ഡെബ്ര ടൈസ് ഡമാസ്‌കസിൽനിന്ന് തന്റെ മകനുവേണ്ടിയുള്ള അന്വേഷണത്തിനായി യാത്ര തിരിച്ചു. “ഓസ്റ്റിൻ, നിനക്ക് ഇത് എങ്ങനെയെങ്കിലും കേൾക്കാൻ കഴിയുമെങ്കിൽ, ഞാൻ നിന്നെ സ്നേഹിക്കുന്നു. നീയും ഒന്നും ഉപേക്ഷിച്ചിട്ടില്ലെന്ന് എനിക്കറിയാം; ഞാനും ഇല്ല” – ആ അമ്മ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News