ഭാവിയിലേക്കുള്ള മുന്‍കരുതലിന്റെ ഭാഗമായി അവസാന മൂന്ന് ആണവോര്‍ജ നിലയങ്ങളും പൂട്ടി ജര്‍മനി. ആണവോര്‍ജത്തിന്റെ അപകടസാധ്യതകള്‍ ഭീഷണിയാകുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കാനുള്ള നയത്തിന്റെ ഭാഗമായാണ് ആണവനിലയങ്ങള്‍ പൂട്ടാനുള്ള ജര്‍മനിയുടെ തീരുമാനം.
ഫോസില്‍ ഇന്ധനങ്ങളില്‍നിന്ന് പുനരുപയോഗ ഇന്ധന സ്രോതസുകളിലേക്ക് മടങ്ങാനും ഊര്‍ജാവശ്യങ്ങള്‍ക്ക് ആണവനിലയങ്ങള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനും തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി, പതിറ്റാണ്ടുകളായി പ്രവര്‍ത്തനം തുടര്‍ന്നിരുന്ന ആറ് ആണവനിലയങ്ങളില്‍ മൂന്നെണ്ണം കഴിഞ്ഞ വര്‍ഷം ആദ്യം പൂട്ടി. മറ്റുള്ളവയുടെ പ്രവര്‍ത്തനാനുമതി ഒരു വര്‍ഷത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു. ആണവ മാലിന്യങ്ങള്‍ ഒഴിവാക്കാനും രാജ്യത്തെ സുരക്ഷിതമാക്കാനും ആണവനിലയങ്ങള്‍ ഉപേക്ഷിക്കേണ്ടിയിരിക്കുന്നുവെന്ന് പരിസ്ഥിതി മന്ത്രി സ്റ്റെഫി ലെംകെ മാര്‍ച്ചില്‍ പറഞ്ഞിരുന്നു.
ആണവനിലയങ്ങള്‍ പൂട്ടുന്നതിനെച്ചൊല്ലി രാജ്യത്ത് പലപ്പോഴും തര്‍ക്കങ്ങളും ചര്‍ച്ചകളും ഉണ്ടായിട്ടുണ്ട്. എന്നാല്‍, 2045-ഓടെ കാലാവസ്ഥാ സൗഹൃദ സമ്പദ്വ്യവസ്ഥയായി മാറുകയെന്ന ലക്ഷ്യവുമായി മുന്നോട്ടുപോവുമെന്ന് ജര്‍മന്‍ ഭരണകൂടം ഉറപ്പിച്ചു പറയുകയായിരുന്നു. 2022-ഓടെ ആണവനിലയങ്ങള്‍ പൂട്ടുക, 2030 ഓടെ കല്‍ക്കരി നിലയങ്ങള്‍ അവസാനിപ്പിക്കുക എന്നീ തീരുമാനങ്ങള്‍ ഈ വലിയ ലക്ഷ്യത്തിന്റെ ഭാഗമായാണെന്നാണ് ജര്‍മന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഇത് വലിയ തോതില്‍ പ്രതിസന്ധി സൃഷ്ടിക്കില്ലെന്നും പുനരുപയോഗ ഊര്‍ജസ്രോതസുകളുടെ ഉപയോഗം വന്‍തോതില്‍ വര്‍ധിപ്പിച്ചും വൈദ്യുതി ഗ്രിഡ് വ്യാപനത്തിലടെയും പുതിയ പ്രതിസന്ധി മറികടക്കാനാവുമെന്നുമാണ് സര്‍ക്കാരിന്റെ ഭാഗം. മൂന്ന് ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കിയുമാണ് പ്ലാന്റുകള്‍ പൂട്ടിയത്.