Monday, November 25, 2024

ഉത്തര കൊറിയന്‍ ജനറലിനെ പിരാന നിറച്ച മത്സ്യടാങ്കില്‍ എറിഞ്ഞുകൊന്നു

ഏകാധിപതി കിം ജോങ് ഉന്നിനെതിരെ അട്ടിമറി ആസൂത്രണം നടത്തിയെന്നാരോപിച്ച് ഉത്തര കൊറിയന്‍ ജനറലിനെ പിരാന നിറച്ച മത്സ്യടാങ്കില്‍ എറിഞ്ഞുകൊന്നതായി റിപ്പോര്‍ട്ട്. യു.കെ ആസ്ഥാനമായുള്ള ദിനപത്രമായ ദ മിററാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റിയോങ്‌സോങ്ങിലെ കിമ്മിന്റെ വസതിയിലെ ഭീമന്‍ മത്സ്യടാങ്കിലാണ് ഉത്തര കൊറിയന്‍ ജനറലിനെ എറിഞ്ഞുകൊലപ്പെടുത്തിയത്.

ഫിഷ് ടാങ്കിലേക്ക് എറിയുന്നതിനുമുമ്പ് ഉത്തര കൊറിയന്‍ ജനറലിന്റെ കൈകളും ശരീരവും കത്തി ഉപയോഗിച്ച് മുറിച്ചിരുന്നു. കൊലയാളിമീനുകളായ പിരാനകളുടെ ആക്രമണം മൂലമോ, മുറിവോ അല്ലെങ്കിൽ മുങ്ങിയതോ ആകാം ജനറലിന്റെ മരണകാരണം. എന്നാല്‍ അദേഹം എങ്ങനെയാണ് മരിച്ചതെന്ന് വ്യക്തമല്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ബ്രസീലില്‍നിന്നും ഇറക്കുമതിചെയ്ത പ്രത്യേക പിരാനകളാണ് കിമ്മിന്റെ വസതിയിലെ ഫിഷ് ടാങ്കിലുള്ളത്. നേരത്തെ കിമ്മിന്റെ സൈനികമേധാവിയും ഉത്തര കൊറിയയിലെ സെന്‍ട്രല്‍ ബാങ്ക് സി.ഇ.ഒയും സമാനമായ രീതിയില്‍ വധിക്കപ്പെട്ടതായി ആരോപണമുയര്‍ന്നിരുന്നു. 1977 -ല്‍ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രമായ ‘ദ സ്‌പൈ ഹു ലവ്ഡ് മി’യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കിം കൊലപാതകങ്ങള്‍ നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ 16 ജനറല്‍മാരെയെങ്കിലും അദ്ദേഹം വധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest News