Sunday, November 24, 2024

ആനകൾക്കായി പിയാനോ വായിക്കുന്ന വ്യക്തി

ഭീമാകാരനായ ഒരു ആന. ആ ആനയ്ക്കു മുന്നിലിരുന്നു പിയാനോ വായിക്കുന്ന ഒരാൾ. അയാൾക്കുമുന്നിൽ ശാന്തമായിനിന്ന് സംഗീതം ആസ്വദിക്കുന്ന ആന! കേൾക്കുമ്പോൾ അതിശയകരമെന്നു തോന്നുന്ന ഈ സംഭവങ്ങൾ സ്വന്തം ജീവിതത്തിൽ പകർത്തിയ ഒരു പിയാനിസ്റ്റ് ഉണ്ട്. ഇപ്പോൾ തായ്‌ലൻഡിൽ താമസിക്കുന്ന യു. കെ.ക്കാരനായ പോൾ ബാർട്ടൻ ആണ് ആ സംഗീതജ്ഞൻ. ആനകൾക്കായി, അവരെ രക്ഷിക്കാനായി സംഗീതം വായിക്കുന്ന അപൂർവ പരിപാടിക്കു കാരണക്കാരനാണ് ഇദ്ദേഹം.

‘എലിഫന്റ്സ് വേൾഡ്’ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആനകൾക്കായി പിയാനോ വായിക്കുന്നത് പോൾ പുറത്തുവിടുന്നത്. പിയാനിസ്റ്റ്, സൗമ്യന്മാരായ ഭീമന്മാർക്ക് ക്ലാസിക്കൽ സംഗീതം പകരുന്നതുകാണാൻ ഏഴു ലക്ഷത്തോളം സബ്സ്ക്രൈബർമാരാണ് ഇദ്ദേഹത്തിന്റെ ചാനലിലുള്ളത്. അദ്ദേഹത്തിന്റെ ഏറ്റവും വൈറലായ വീഡിയോ കണ്ടത് ഏകദേശം 11 ദശലക്ഷം ആളുകളാണ്.

പോളിന്റെ സംഗീത ആസ്വാദകരിൽ ഏറ്റവും പ്രധാനി ‘അമ്പാൻ’ എന്ന അന്ധനായ ആനയാണ്. പടിഞ്ഞാറൻ തായ്‌ലൻഡിലെ കാഞ്ചനാബുരി നഗരത്തിനു പുറത്തുള്ള എലിഫന്റ്സ് വേൾഡിൽ താമസിക്കുന്ന ആനകളിലൊന്നാണ് അമ്പാൻ. മോശമായ സാഹചര്യങ്ങളിൽനിന്നു രക്ഷപെടുത്തിയ മുപ്പതിലധികം ആനകളുടെ വാസസ്ഥലമാണ് ഈ വന്യജീവിസങ്കേതം.

പോളിന്റെ ഭാര്യയായ ഖ്വാനാണ് ഇദ്ദേഹത്തിന് ഈ സങ്കേതം പരിചയപ്പെടുത്തുന്നത്. എലിഫന്റ്സ് വേൾഡിൽ ആനകളുടെ പടം വരയ്ക്കുന്ന ഒരു ആർട്ടിസ്റ്റായിരുന്നു അവർ. പോളിന്റെ അൻപതാം പിറന്നാൾ ദിവസം, ഒരു പിയാനോ കൊണ്ടുവരാൻ അനുവദിക്കണമെന്ന് ഖ്വാൻ എലിഫന്റ്സ് വേൾഡിന്റെ മാനേജരോട് അഭ്യർഥിച്ചു. ആ അഭ്യർഥന മാനേജർ മാനിച്ചെങ്കിലും അത് അല്പം ബുദ്ധിമുട്ട് നിറഞ്ഞ ഒന്നായിരുന്നു.

ക്വായ് നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ വന്യജീവിസങ്കേതം ഏക്കറുകണക്കിനു സ്ഥലത്ത് വ്യാപിച്ചുകിടന്നിരുന്നു. അതിന്റെ മധ്യത്തിലേക്ക്  പിയാനോ കൊണ്ടുവരിക എന്നത് ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. “ഈ ആനകൾ ജീവിതത്തിലുടനീളം മനുഷ്യർക്കായി പ്രവർത്തിച്ചിട്ടുണ്ട്. മനുഷ്യരുടെ മോശമായ പ്രവർത്തികൾമൂലം അവയിൽ പലതും വൈകല്യങ്ങളുള്ളതോ, കാഴ്ചയില്ലാത്തവയോ ആയി മാറി. അതിനാൽ, അവയ്ക്കായി എന്നാൽ കഴിയുന്നതിലും ഏറ്റവും വലുത് നൽകാൻ ഞാൻ തീരുമാനിച്ചു” – പോൾ ‘ദി ഗാർഡിയനോ’ടു പറഞ്ഞു.

ആനകൾക്ക് സംഗീതം നൽകുക എന്നത് ഒരു പരീക്ഷണമായിരുന്നു. നദിക്കരയിൽ അവ എത്തുന്നത് വിശപ്പും ദാഹവും മൂലമായിരിക്കും. “ആനകൾക്ക് മിക്കവാറും വിശപ്പ് അനുഭവപ്പെടും. അവസരം ലഭിക്കുകയാണെങ്കിൽ അവർ ഭക്ഷിക്കും. അതിനിടയിൽ അവർ മറ്റൊന്നും ശ്രദ്ധിക്കില്ല. എന്നാൽ, ഞാൻ സംഗീതം വായിക്കാൻ തുടങ്ങിയപ്പോൾത്തന്നെ അന്ധനായ ഒരു ആന ഭക്ഷണം കഴിക്കുന്നതു നിർത്തുകയും സംഗീതം കേൾക്കുകയും ചെയ്തു. ഇരുട്ടിന്റെ ലോകത്തു കുടുങ്ങിയ ഈ ആനയ്ക്ക് സംഗീതം ഇഷ്ടമാണെന്ന് ഞങ്ങൾ മനസ്സിലാക്കി” – പോൾ വെളിപ്പെടുത്തുന്നു.

അതൊരു തുടക്കമായിരുന്നു. പിന്നീട് പല അവസരങ്ങളിലും ഈ ആനകൾക്കായി പോൾ സംഗീതം വായിച്ചുതുടങ്ങി. ആ ദൃശ്യങ്ങൾ അദ്ദേഹം തന്റെ യൂട്യൂബിൽ പങ്കുവച്ചു. അത് അനേകം ആളുകളിലേക്ക്‌ എത്തുകയും ചെയ്തു.

Latest News