Thursday, November 21, 2024

യുദ്ധത്തിന്റെ 50 വർഷങ്ങൾക്കിപ്പുറം വിയറ്റ്‌നാം സഞ്ചാരികളെ വിളിക്കുന്നു; ചരിത്രത്തെ അറിയാൻ

പതിറ്റാണ്ടുകൾ നീണ്ട വിയറ്റ്നാം യുദ്ധം അവസാനിപ്പിച്ച് സൈഗോൺ സർക്കാർ വടക്കൻ വിയറ്റ്നാമീസ് സേനയ്ക്ക് കീഴടങ്ങിയതിന്റെ അമ്പതാം വാർഷികമാണ് 2025 ഏപ്രിൽ അടയാളപ്പെടുത്തുന്നത്. അമ്പതു വർഷങ്ങൾ പിന്നിട്ടെങ്കിലും ഇന്നും ഈ ഭൂപ്രകൃതിയിൽപ്പോലും യുദ്ധത്തിന്റെ സ്വാധീനം കാണാൻ കഴിയും.

വിയറ്റ്നാമീസ് പൗരന്മാരുടെ പുതിയ തലമുറകൾ ഇപ്പോൾ, യുദ്ധത്തിൽ തകർന്ന  രാജ്യത്തിന്റെ ഭൂതകാലത്തെ ഇല്ലാതാക്കാനും പകരം രാജ്യത്തിന്റെ സൗന്ദര്യവും അതുല്യമായ സാംസ്കാരികപൈതൃകവും ലോകത്തിനുമുന്നിൽ വെളിപ്പെടുത്താനും പ്രവർത്തിക്കുന്നു. 1997 ൽ ആദ്യമായി രാജ്യം വിനോദസഞ്ചാരികൾക്കായി തുറന്നപ്പോൾ മുതൽ, വിയറ്റ്നാം തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും ജനപ്രിയമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി മാറി. രുചികരമായ തെരുവുഭക്ഷണ വിപണികൾ, ഊർജസ്വലമായ നഗരങ്ങൾ, ഫ്രഞ്ച് കൊളോണിയൽ വാസ്തുവിദ്യയുടെ അതുല്യമായ മിശ്രിതം, സമൃദ്ധമായ കാടുകൾ മുതൽ ഞെരുക്കമുള്ള കൊടുമുടികൾ വരെയുള്ള അതിശയകരമായ പ്രകൃതിദൃശ്യങ്ങൾ എന്നിവയൊക്കെ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. ആകർഷകമായ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് ഈ വർഷങ്ങളിൽ ഉണ്ടായിട്ടുള്ളത്.

1960 കളിലും 70 കളിലും വിയറ്റ്നാം യുദ്ധത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു സൈഗോൺ. മേഖലയിലെ യു. എസ്. സൈനികപ്രവർത്തനങ്ങളുടെ ആസ്ഥാനമായിരുന്നു ഇത് എന്നതായിരുന്നു, പല യുദ്ധങ്ങളും ഈ പ്രദേശത്തുനിന്ന് ആരംഭിക്കാൻ കാരണമായി മാറിയത്. എന്നിരുന്നാലും കുറഞ്ഞത് മുന്നൂറു വർഷങ്ങൾക്കു മുൻപുള്ള ചരിത്രം ഈ പ്രദേശത്തെ ധന്യമാക്കുന്നുണ്ട്. ക്ഷേത്രങ്ങളിലും പഗോഡകളിലും സജീവമായ രാത്രിവിപണികളിലും ഒമ്പതു ദശലക്ഷം ആളുകളുള്ള ഈ മെട്രോപോളിസിൽ കാണപ്പെടുന്ന ഏഷ്യൻ, യൂറോപ്യൻ സ്വാധീനങ്ങളുടെ മിശ്രിതത്തിലും ഈ രാജ്യത്തിന്റെ പൗരാണികത്വം പ്രതിഫലിക്കുന്നു.

വിയറ്റ്നാമിന്റെ ഭൂരിഭാഗത്തെയുംപോലെ, ഹോ ചി മിൻ സിറ്റിയിലേക്കുള്ള യാത്രക്കാർക്ക് ഭക്ഷണം ഒരു പ്രധാന ആകർഷണമാണ്. ചരിത്രപരമായ ബെൻ തൻ മാർക്കറ്റ് പോലുള്ള സ്ഥലങ്ങളിൽ കാണപ്പെടുന്ന ബോട്ട് ചിയൻ (പപ്പായ, ഉള്ളി, പച്ച ഉള്ളി എന്നിവയ്ക്കൊപ്പം വിളമ്പുന്ന പാൻ-ഫ്രൈഡ് റൈസ് മാവ് കേക്കുകൾ) പോലുള്ള തെരുവുഭക്ഷണ വിഭവങ്ങൾ ജനപ്രിയമാണ്. അതുപോലെതന്നെ മിഷെലിൻ സ്റ്റാർഡ് അകുന പോലുള്ള ഉയർന്ന നിലവാരമുള്ള റെസ്റ്റോറന്റുകളും ജനപ്രിയമാണ്. വിപണിയും ഭക്ഷണവും പൊതുവെ വിയറ്റ്നാമീസ് സംസ്കാരത്തിന്റെ ഭാഗമാണ്.

യുദ്ധത്തിന്റെ സ്വാധീനത്തെ വെളിപ്പെടുത്തുന്ന സ്മാരകങ്ങൾ

നഗരത്തിലും ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളിലും യുദ്ധം ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് അറിയാൻ സന്ദർശകർക്ക് പോകാൻ കഴിയുന്ന നിരവധി സ്ഥലങ്ങളുണ്ട്. യുദ്ധാവശിഷ്ടങ്ങളുടെ മ്യൂസിയം പ്രധാന പുരാവസ്തുക്കൾ സംരക്ഷിക്കുകയും യുദ്ധത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് സന്ദർശകരെ ബോധവൽക്കരിക്കുകയും ചെയ്യുന്നു. അതേസമയം ചു ചി ടണലുകൾ സംഘർഷത്തിൽ വിയറ്റ്നാമീസ് സൈനികർ അനുഭവിച്ച ബുദ്ധിമുട്ടുകൾ പ്രദർശിപ്പിക്കുന്നു.

‘പുനരേകീകരണ എക്സ്പ്രസ്’ എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന നോർത്ത്-സൗത്ത് റെയിൽവെ വഴി ഹോ ചി മിൻ സിറ്റി രാജ്യത്തിന്റെ വടക്കൻഭാഗവുമായി ബന്ധിപ്പിച്ചിരിക്കുന്നു. 1899 ൽ ആദ്യമായി നിർമ്മിച്ച ഈ ട്രെയിൻ ഹോ ചി മിൻ സിറ്റിയിൽനിന്ന് ഹാനോയിയിലേക്ക് 1,700 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കുന്നു. വിയറ്റ്നാം യുദ്ധസമയത്ത് ഈ റെയിൽപാത കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള വടക്കും, യു. എസ്. നിയന്ത്രണത്തിലുള്ള തെക്കും തമ്മിലുള്ള പ്രധാന ബന്ധങ്ങൾ വിച്ഛേദിക്കുന്നതിനായി നിരവധി തവണ ബോംബിട്ടു തകർത്തിരുന്നു.

ഹാനോയിയുടെ അന്താരാഷ്ട്ര ഭൂതകാലത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ ഏഴാം നൂറ്റാണ്ടിലെ യുനെസ്കോയുടെ ലോകപൈതൃക സ്ഥലമായ ഇംപീരിയൽ സിറ്റാഡൽ ഓഫ് താങ് ലോങ് സന്ദർശിക്കാം. വിയറ്റ്നാമിന്റെ 1300 വർഷം പഴക്കമുള്ള ചരിത്രം മനസ്സിലാക്കാൻ ഇത് സഹായിക്കും. രാജ്യത്തെ ഏറ്റവും വലുതും പഴയതുമായ ഡോങ് സുവാൻ മാർക്കറ്റിൽ പോകാതെ ഹാനോയിയിലേക്കുള്ള ഒരു സന്ദർശനവും പൂർത്തിയാകില്ല. പ്രാദേശികമായി വറുത്ത വിഭവങ്ങൾ, സുവനീറുകൾ, സുഗന്ധവ്യഞ്ജനങ്ങൾ, വളർത്തുമൃഗങ്ങൾ എന്നിവ വാങ്ങാൻ ലോകമെമ്പാടുമുള്ള നാട്ടുകാരും യാത്രക്കാരും വരുന്ന രണ്ടു നിലകളുള്ള കമ്മ്യൂണിറ്റി ഹോട്ട്സ്പോട്ടാണ് ഇത്.

Latest News