Thursday, April 3, 2025

ഗാസയില്‍ ബോംബാക്രമണം; 10 കുട്ടികള്‍ കൊല്ലപ്പെട്ടു

ഗാസയില്‍ ആളുകള്‍ അഭയം പ്രാപിച്ച സ്‌കൂളില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ കുട്ടികളടക്കം 10 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ജബലിയയുടെ പ്രാന്തപ്രദേശത്തുള്ള സഫ്തവാവിയിലെ അല്‍-നസ്ല സ്‌കൂളില്‍ അഭയം പ്രാപിച്ചവര്‍ക്കുമേലാണ് ആക്രമണം നടന്നത്. സമീപ പ്രദേശങ്ങളില്‍ ആക്രമണം നടക്കുമ്പോള്‍ സ്‌കൂള്‍ താത്ക്കാലിക അഭയ കേന്ദ്രമാക്കി രക്ഷപെടാന്‍ ശ്രമിച്ചവരാണ് കൊല്ലപ്പെട്ടത്.

ഗാസയില്‍ മാനുഷിക സ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണെന്ന് യുഎന്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയ സമയത്താണ് ആക്രമണത്തിന്റെയും മനുഷ്യ ജീവന്‍ പൊലിയുന്നതിന്റെയും ദുഖകരമായ വാര്‍ത്ത എത്തുന്നത്. ഗാസയില്‍ നിലവില്‍ 36 ആശുപത്രികളില്‍ 15 എണ്ണം ഭാഗികമായി മാത്രമേ പ്രവര്‍ത്തനക്ഷമമായിട്ടുള്ളൂവെന്നും 21 ആശുപത്രികള്‍ പ്രവര്‍ത്തനരഹിതമാണെന്നും ആറ് പ്രവര്‍ത്തനക്ഷമമായ ഫീല്‍ഡ് ആശുപത്രികളുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

നിലവിലുള്ള ആശുപത്രികള്‍ ബെഡ് കപ്പാസിറ്റിയുടെ നാലിരട്ടിയിലധികം പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. വടക്കന്‍ ഗസ്സയിലെ ആരോഗ്യ സംവിധാനമെല്ലാം തകര്‍ന്നു കിടക്കുന്നതിനാലും ഇന്ധനക്ഷാമം കാരണം ആംബുലന്‍സുകള്‍ക്ക് വരാന്‍ കഴിയാത്തതിനാലും പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കാന്‍ പ്രയാസപ്പെട്ടു. 24 മണിക്കൂറിനിടെ 46 പേര്‍ കൂടി ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 130 പേര്‍ക്ക് പരിക്കേറ്റു. ഇതോടെ ഗാസ യുദ്ധത്തില്‍ കൊല്ലപ്പെട്ട പലസ്തീനികള്‍ 35,903 ആയി. 80,420 പേര്‍ക്ക് പരിക്കേറ്റു.

 

Latest News