Tuesday, November 26, 2024

ബ്രസീലിലെ കാർഷിക സഹകരണ സ്ഥാപനത്തിൽ വിത്ത് സംഭരണി പൊട്ടിത്തെറിച്ചു

ബ്രസീലിലെ പലോട്ടീനയിലെ കാർഷിക സഹകരണ സ്ഥാപനത്തിൽ വിത്ത് സംഭരണി പൊട്ടിത്തെറിച്ചു. സംഭവത്തില്‍ എട്ടുപേർ കൊല്ലപ്പെടുകയും പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റതായും ഒരാളെ കാണാനില്ലെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. മേഖലയില്‍ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

കുരിറ്റിബയിൽ നിന്ന് 600 കിലോമീറ്റർ (370 മൈൽ) അകലെയുള്ള പലോട്ടീനയിലെ ചെറുപട്ടണത്തിലുള്ള സി.വേൽ സഹകരണ സ്ഥാപനത്തില്‍ വ്യാഴാഴ്ചയായിരുന്നു സ്ഫോടനം. ബ്രസീലിലെ അഞ്ച് സംസ്ഥാനങ്ങളിലും പരാഗ്വേയിലും 125 യൂണിറ്റുകളിൽ ധാന്യങ്ങൾ സംഭരിക്കുന്ന മുൻനിര കാർഷിക സംസ്ഥാനങ്ങളിലൊന്നാണ് ഇത്. സ്ഫോടനത്തില്‍ മരിച്ചവരിൽ ഏഴുപേർ വിദേശതൊഴിലാളികളാണെന്നും കൂടുതലും ഹെയ്തിക്കാരാണെന്നും ഒരാൾ ബ്രസീലിയനാണെന്നും കമ്പനിവക്താവ് പറഞ്ഞു. എന്നാല്‍ സ്ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും കമ്പനിവൃത്തങ്ങള്‍ വ്യക്തമാക്കി. ഡോഗ് സ്‌ക്വാഡിന്റെ ഉൾപ്പെടെയുള്ളവയുടെ സഹായത്താല്‍ അവശിഷ്ടങ്ങൾക്കും ധാന്യങ്ങൾക്കുമിടയിൽ കുടുങ്ങിപ്പോയ തൊഴിലാളിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ മനോയൽ വാസ്കോ പറഞ്ഞു. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി കൃഷിമന്ത്രി കാർലോസ് ഫാവാരോയും പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും ട്വീറ്റ് ചെയ്തു.

Latest News